Tuesday, February 25, 2020

​​മെയ് 2016 ഇൽ അധികാരത്തിലേറിയ അവസരത്തില്‍ തന്നെ വികസന കാര്യങ്ങളില്‍ എല്‍ഡിഎഫ് സർക്കാർ രണ്ട് തരത്തിലുള്ള സമീപനമാണ് പിന്തുടരുക എന്ന് വ്യക്തമാക്കിയിരുന്നു.


​​മെയ് 2016 ഇൽ അധികാരത്തിലേറിയ അവസരത്തില്‍ തന്നെ വികസന കാര്യങ്ങളില്‍ എല്‍ഡിഎഫ് സർക്കാർ രണ്ട് തരത്തിലുള്ള സമീപനമാണ് പിന്തുടരുക എന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്‍റെ സർവോന്മുഖ വികസനത്തിനായി ദീർഘകാല പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തന്നെ പാവപ്പെട്ടവർക്കും സാമൂഹികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കും ആശ്വാസമേകുന്ന പദ്ധതികളും ഏറ്റെടുത്തു നടപ്പാക്കും എന്നാണ് അന്ന് ഞങ്ങൾ പ്രഖ്യാപിച്ചത്. മൂന്നരവർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് ചാരിതാർഥ്യത്തോടെ പറയാൻ സാധിക്കും, നവകേരളം എന്ന ജനകീയ ബദൽ ശരിയായ പാതയിൽത്തന്നെ കേരളത്തെ നയിക്കുന്നു എന്ന്. 

അന്നേ സര്‍ക്കാരിനു അറിയാമായിരുന്നു നിക്ഷേപം വരണം, അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാവണം, വ്യവസായങ്ങൾ വികസിക്കണം, ഇതില്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന്. ഇതിനായിട്ടാണ്, ബജറ്റിന് പുറത്ത്‌ അഞ്ചു വര്‍ഷം കൊണ്ട്‌ ഏതാണ്ട് അൻപതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നിക്ഷേപം കണ്ടെത്തി ബജറ്റിനു പുറത്തു വിനിയോഗിക്കാവുന്ന സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്‌ബി) ശക്തിപെടുതിയത്. രാജ്യത്ത് തന്നെ ആദ്യമായി കിഫ്ബിയെപോലെ ഒരു സംവിധാനം വഴി വരുന്ന നിക്ഷേപങ്ങൾക്കെല്ലാം തന്നെ സർക്കാർ ഗ്യാരന്റി എന്ന ഉറപ്പും നമ്മൾ നൽകി. ഇപ്പോൾ കിഫ്ബിയുടെ സഹായത്തോടെ നമ്മൾ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നു, വലിയ റോഡുകൾ, പാലങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നു, ഐടി, ടൂറിസം മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നു, പൊതുവിദ്യാലയങ്ങളും സർക്കാർ ആശുപത്രികളും നവീകരിക്കുന്നു. അൻപത്തിമൂവായിരം കോടി രൂപയിലധികം മൂല്യമുള്ള പ്രൊജെക്ടുകൾക്ക് കിഫ്ബി ഇപ്പോൾത്തന്നെ അംഗീകാരം നല്‍കി പദ്ധതി നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു.

വിഭവസമാഹരണത്തിലുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ ബലത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതും മുടങ്ങിക്കിടന്നതുമായ വികസനത്തിന്‍റെ നാഴികക്കല്ലായി മാറേണ്ട പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു എന്നത്. മുന്‍ കാലങ്ങളില്‍ പല പദ്ധതികളും എതിര്‍പ്പ് കാരണം നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ നടക്കാത്തതായി യാതൊന്നുമില്ല എന്നായിരുന്നു ഈ സർക്കാരിന്‍റെ വിലയിരുത്തൽ. കൃത്യമായും അത് തന്നെയാണ് നേടിയെടുത്തത്. ഗെയിൽ പൈപ്പ്‌ലൈൻ, എൽ എൻ ജി ടെർമിനൽ, ദേശീയപാതകൾ, ദേശീയ ജലപാതകൾ, ഊർജ്ജഹൈവേകൾ തുടങ്ങി ഓരോ പദ്ധതിയും നടപ്പിലാക്കാന്‍ ആ പദ്ധതി വരുമ്പോള്‍ ബുദ്ധിമുട്ടുണ്ടായേക്കാവുന്നവരുടെ അടുത്തേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവരുടെ സ്വത്തിനും ജീവനോപാധികൾക്കുമെല്ലാം ഉണ്ടാകുന്ന നഷ്ടത്തിന് യുക്തമായ നഷ്ടപരിഹാരം നൽകി. അവരുടെ പുനരധിവാസം ഉറപ്പുവരുത്തി ആശങ്കകള്‍ അകറ്റി. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് നടക്കുന്ന വികസന പദ്ധതികൾ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്ന അവസ്ഥ സംജാതമായി.

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി മെട്രോ വിപുലീകരിച്ചു. മലയോര - തീരദേശ ഹൈവേകളുടെ നിർമാണത്തിന് തുടക്കം കുറിച്ചു. പുതിയ ടൂറിസം കേന്ദ്രങ്ങളും സർക്യൂട്ടുകളും സ്ഥാപിച്ചു. ഹോട്ടലുകൾ, മാളുകൾ, കൺവെൻഷൻ സെന്ററുകൾ മുതലായവ സംസ്ഥാനത്തിന്‍റെ പലഭാഗത്തും തുടങ്ങുകവഴി അന്താരാഷ്‌ട്ര നിലവാരമുള്ള ബിസിനസ്സ് സൗകര്യങ്ങൾ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ലഭ്യമാക്കി. ഐ ടി പാർക്കുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. നിരവധി വൈ-ഫൈ സ്പോട്ടുകൾ പുതിയതായി സ്ഥാപിച്ചു. ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചു. ഐ ടി - ബയോടെക് വ്യവസായങ്ങൾ വന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. ഊർജ്ജലഭ്യത പലമടങ്ങുവർദ്ധിച്ചു. ഉത്പാദനമേഖല ശക്തിപ്പെടുത്തി. ഇതോടൊപ്പം കേരളം സൗരോർജ്ജം, മറ്റു നൂതനമായ ഊര്‍ജസ്രോതസുകൾ മുതലായവയിലും, വൈദ്യുതവാഹനങ്ങൾ തുടങ്ങിയ പ്രകൃതിസൗഹൃദ ബദലുകളിലും ചുവടുവെപ്പുകൾ നടത്തുകയാണ്. 

നാം നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് കേരളത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങളും വ്യവസായമേഖലയും വികസിപ്പിച്ചുകൊണ്ടുമാത്രമല്ല. സാമൂഹ്യക്ഷേമ പെൻഷനുകളും വേതനവും ഉയർത്തിക്കൊണ്ടും പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിച്ചുകൊണ്ടും പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടുമൊക്കെ നമ്മുടെ പൗരന്മാരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് കൂടിയാണ്.

Friday, February 14, 2020

ഈ സാഹചര്യത്തില്‍ 18ന്റെ പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


​​പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Sunday, February 9, 2020

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നത്.


തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നത്. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം ജില്ലയ്ക്കാകെ 1696 കോടിയുടെ പൊതുമരാമത്തു വർക്കുകളാണ് ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 100 കോടിയുടെ കാട്ടാക്കട ജംഗ്ഷൻ വികസനമാണ് ബജറ്റ് അംഗീകരിച്ച പ്രധാന പദ്ധതി. 48 പദ്ധതികൾ 10 കോടിയ്ക്കും 50 കോടിയ്ക്കും ഇടയിലാണ്. 969 കോടിയാണ് ആകെ പദ്ധതിച്ചെലവ്. ഈ വർഷത്തെ ബജറ്റ് വിഹിതമാണിത്. മുൻവർഷങ്ങളിലേതു കൂടി കണക്കിലെടുക്കുമ്പോൾ തുക ഇനിയും എത്രയോ ഉയരും. 

വിഴിഞ്ഞം തുറമുഖത്തിന് 350 കോടിയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. മരാമത്തു പണികൾക്കു പുറമെ ബജറ്റിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളുണ്ട്. ഉദാഹരണത്തിന് ട്രാവൻകൂർ ടൈറ്റാനിയത്തിന് 21.5 കോടി രൂപ ബജറ്റിലുണ്ട്. കേരള ഓട്ടോമൊബൈൽസിന് 13.6 കോടി, തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന് 6 കോടി, ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപറേഷന് 5 കോടി എന്നിങ്ങനെ വ്യവസായമേഖലയിൽ വകയിരുത്തലുണ്ട്. കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച 153 കോടിയിൽ പകുതിയോളം തിരുവനന്തപുരത്തിന് അവകാശപ്പെട്ടതാണ്. തീരദേശ പാക്കേജിൽ 1000 കോടി രൂപയുണ്ട്. തിരുവനന്തപുരം ജില്ലയ്ക്ക് ഇതിൽ അർഹമായ വിഹിതം ലഭിക്കും. വെസ്റ്റ് കോസ്റ്റ് കനാൽ, തീരദേശ മലയോര ഹൈവേകൾ എന്നീ പദ്ധതികളിലും തിരുവനന്തപുരം ജില്ലയ്ക്ക് നല്ല പ്രാതിനിധ്യമുണ്ട്.

കിഫ്ബിയിലൂടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി നടപ്പിലാക്കുന്ന 96 പദ്ധതികൾ ആണ്. ഇതിനായി 3008.20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വികസനങ്ങളാണ്. 24 റോഡുകൾക്കായി 1,133.63 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 5 പാലങ്ങൾക്കായി 65 കോടി രൂപയും ഉള്ളൂർ, പട്ടം, ശ്രീകാര്യം ഉൾപ്പെടെ നാല് ഫ്‌ളൈ ഓവറുകൾക്കായി 316 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്നായ മലയോര ഹൈവേ നിർമാണത്തിനായി 209 കോടി രൂപയാണ് തിരുവനന്തപുരത്തിന് മാത്രം അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതികൾക്കായി 544 കോടിയും ആശുപത്രി വികസനങ്ങൾക്കായി 141 കോടിയും ടെക്‌നോസിറ്റി ഐടി പാർക്കിനായി 100 കോടിയും അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി 122 കോടി രൂപയുടെ പദ്ധതി ആണ് നടപ്പിലാക്കുന്നത്.

Sunday, February 2, 2020

പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ.


പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ.  ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്റ്റ് 1961 - ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കും. 

നിലവിൽ, 182-ഓ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ്   ഭേദഗതി നിർദേശം.  സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ്‌ ഇല്ലാതാവുക.  ധനകാര്യ ബില്ലിൻ്റെ വിശദീകരണ കുറിപ്പിൽ  നികുതി വെട്ടിപ്പ്  പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ആളുകളെ ആണ്   ഭേദഗതി  ബാധിക്കുക. 

മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിൽ ഉള്ള ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില്‍ പെടുന്നവരല്ല അവർ. 

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികൾക്ക് നാട്ടിലുള്ള കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസി ആയി കണക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോൾ പ്രവാസികൾക്ക് സ്വന്തം നാട്ടിനോടുള്ള സ്നേഹത്തിലും കർത്തവ്യങ്ങളിലുമാണ് കത്തി വെക്കുന്നത്.  എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ വിവിധ കാരണങ്ങളാൽ തങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്ക. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.   

മറ്റൊരു ഭേദഗതി നിർദേശം  ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരനായ  വ്യക്തി,  മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ്   തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം  എന്നതിൽ ആർക്കും  തര്‍ക്കമില്ല. എന്നാൽ അത്തരം നടപടികൾ  ആദായ നികുതി അടയ്ക്കാൻ  വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗൾഫ് മലയാളികളെ തകർക്കുന്നതാകരുത്.   കഠിനാദ്ധ്വാനത്തിലൂടെ  സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ  കടന്നാക്രമിക്കരുത്. 

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്.
നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരൻ്റെ വയറ്റത്തടിക്കുന്നതാണ്.  ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം