Monday, August 31, 2020

​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്.


​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിത്. തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ്സ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട്പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. ഈ സംഭവം ജനങ്ങളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ പിന്തുണയും കൊടുത്ത് കൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകൾ നടത്തുന്നത് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ്. വെളുത്ത ഖദറിനുള്ളിൽ ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണവർ.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ്സ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. സ്വന്തം മുന്നണിയിൽപോലും ഐക്യമില്ലാതാകുകയും രാഷ്ട്രീയ അസ്തിത്വം നഷ്ട്ടപ്പെടുകയും നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയും മാത്രമല്ല പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം നിയമസഭയിൽ തുറന്നു കാണിക്കുകയും ചെയ്തതോടെ നിരാശരാവുകയായിരുന്നു കോൺഗ്രസ്സ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെതിരായി കെട്ടിപൊക്കിയ എല്ലാ നുണപ്രചരണങ്ങളും ചീറ്റിപോവുകയും സ്വയം അപഹാസ്യരാവുകയും ചെയ്തതോടെ വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ് കോൺഗ്രസ്സ് നേതൃത്വം. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ
സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണം. ആശയങ്ങൾ തോൽക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം നിങ്ങളോട് കണക്കുചോദിക്കുക തന്നെ ചെയ്യും.
 
ക്രൂരമായി കൊലചെയ്യപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

-സ. എ വിജയരാഘവൻ
(ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ)

​​തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്.


​​തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്. ചെറുപ്പക്കാരായ രണ്ടു സഖാക്കളെ കോൺഗ്രസുകാർ ക്രൂരമായി വകവരുത്തിയിരിക്കുന്നു.  പത്തനംതിട്ടയിലെ സഖാവ് എം എസ് പ്രസാദിനെ കോൺഗ്രസുകാർ കൊന്നുകളഞ്ഞതും ഇതുപോലൊരു തിരുവോണനാളിലാണ്. ആസൂത്രിതമായ ഗൂഢാലോചന നടത്തി ഇതുപോലൊരു ദിവസം തന്നെ കൊല നടത്താൻ തിരഞ്ഞെടുത്തവർ എത്രമാത്രം കൊടുംക്രിമിനലുകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങൾക്കും നാടിനും മാത്രമല്ല, കേരളത്തിനാകെയുള്ള മുന്നറിയിപ്പാണ്. 

കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. സ്വാഭാവികമായും ഉന്നതതല ഗൂഢാലോചന നടന്നിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്. പ്രതികൾ നടത്തിയ ആസൂത്രണത്തിന്റെ സ്വഭാവവും ചില മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.

നേരത്തെയും ഇതേ പ്രതികൾ സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നാണറിയുന്നത്. അവരെ തിരുത്താൻ ഒരു ശ്രമവും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.  പ്രതികൾക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് അരങ്ങിലെത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം പോലും കോൺഗ്രസിന്റെ പരിപാടിയിൽ പ്രതികൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ആരുടെ കണ്ണിൽ പൊടിയിടാമെന്നാണ് പ്രതിപക്ഷ നേതാവ് ധരിക്കുന്നത്?  

സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ്. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച അസാധാരണമായ ഒരു വെല്ലുവിളിയിലൂടെ നാട് കടന്നുപോകുമ്പോൾ, ഇത്തരം പൈശാചികപ്രവൃത്തികളിലൂടെ രാഷ്ട്രീയസംഘർഷം രൂക്ഷമാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കേരളം തിരിച്ചറിയും. കായംകുളത്ത് സഖാവ് നിഷാദിനെയും ചിതറയിൽ സഖാവ് ബഷീറിനെയും കൊലപ്പെടുത്തിയത് കോൺഗ്രസുകാരാണ്. ജനങ്ങളിൽ നിന്ന് പരിഹാസ്യമാംവിധം ഒറ്റപ്പെട്ടതിന്റെ ജാള്യം വടിവാളുകൊണ്ട് പരിഹരിക്കാനാണ് ശ്രമമെങ്കിൽ അതിന് കനത്ത വില കോൺഗ്രസ് നൽകേണ്ടി വരും.

ചില മാധ്യമങ്ങളെക്കുറിച്ചും പറയാതിരിക്കാനാവുന്നില്ല. സിപിഐഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ “വെട്ടേറ്റു മരിച്ചു” എന്ന് കർമ്മിണി പ്രയോഗത്തിൽ റിപ്പോർട്ടു ചെയ്യുന്ന പതിവ് തെറ്റിക്കാതിരിക്കാൻ എന്തൊരു ജാഗ്രതയാണവർ പുലർത്തിയത്. ഇത്തരം എഡിറ്റിംഗ് സഹായം കൊണ്ടൊന്നും കോൺഗ്രസിന്റെ കൈയിലെ ചോരക്കറ മറയ്ക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. 

സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും ക്രൂരമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തുന്നു. ഒരിക്കലും തീരാത്ത വേദനയും നഷ്ടവുമാണ് അവരുടെ കുടുംബങ്ങൾക്കും സഖാക്കൾക്കും ഉണ്ടായത്. ആ വേദനയിൽ പങ്കുചേരുന്നു.

Friday, August 28, 2020

കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.


കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധിയുടെ നടുവിലേക്കാണ് ജാതിമതഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം കടന്നു വന്നിരിക്കുന്നത്. പക്ഷേ, ഒഴിവുകഴിവുകൾ പറഞ്ഞു മാറി നിൽക്കാനല്ല, ഈ സന്ദർഭത്തിലും ജനങ്ങളെ പരമാവധി സഹായിക്കണമെന്ന ദൃഢനിശ്ചയവുമായാണ് സർക്കാർ ഇടപെട്ടത്. ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്. 

ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി രൂപയും, സര്‍വ്വീസ് പെന്‍ഷൻ ഇനത്തിൽ 1,545 കോടി രൂപയും, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൽകാൻ 1,170.71 കോടി രൂപയും, ക്ഷേമനിധി പെന്‍ഷന്‍ സഹായമായി 158.85 കോടി രൂപയും, ഓണക്കിറ്റ് വിതരണം ചെയ്യാൻ 440 കോടി രൂപയും, നെല്ല് സംഭരണത്തിനായി 710.00 കോടി രൂപയും, ഓണം റേഷന്‍ ഇനത്തിൽ 112 കോടി രൂപയും, കണ്‍സ്യൂമര്‍ഫെഡിന് 35 കോടി രൂപയും, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് 140.63 കോടി രൂപയും, ആശാ വര്‍ക്കര്‍മാര്‍ക്ക് 26.42 കോടി രൂപയും, കൈത്തറി തൊഴിലാളികൾക്കായി 30 കോടി രൂപയും സർക്കാർ ചിലവഴിച്ചു. ഇതു കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായങ്ങളും വിതരണം ചെയ്തു. 

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപയും അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. ഈ മഹാമാരിയുടെ കാലത്തും നമുക്ക് കരുതലോടെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ട്.

Tuesday, August 25, 2020

പ്രശാന്ത്‌ ഭൂഷന്റെ രണ്ട്‌ ട്വീറ്റുകൾ‌ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു.

പ്രശാന്ത്‌ ഭൂഷന്റെ രണ്ട്‌ ട്വീറ്റുകൾ‌ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു. കഴിഞ്ഞ ജൂൺ 27ന്‌ പ്രശാന്ത്‌ ഭൂഷൺ നടത്തിയ ട്വീറ്റ്‌ ഏതാണ്ട്‌ ഇപ്രകാരമായിരുന്നു: ‘‘ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവർഷങ്ങളിൽ ജനാധിപത്യം എങ്ങനെ തർക്കപ്പെട്ടുവെന്ന്‌ ചരിത്രകാരന്മാർ ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ തകർത്തതിൽ സുപ്രീംകോടതി വഹിച്ച പങ്കും അതിലും വിശേഷിച്ച്‌ കഴിഞ്ഞ നാല്‌ ചീഫ്‌ ജസ്റ്റിസുകൾ വഹിച്ച പങ്കും അവർ അടയാളപ്പെടുത്തും.’’ പ്രശാന്ത്‌ ഭൂഷൺ ജൂൺ 29ന്‌ ചെയ്‌ത ട്വീറ്റിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ബോബ്‌ഡെ മാസ്‌കോ ഹെൽമെറ്റോ ധരിക്കാതെ ഒരു ബിജെപിക്കാരന്റെ വിലയേറിയ ഹാർലി ഡേവിഡ്‌സൺ സൂപ്പർ മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രവും ‘‘പൗരന്മാർക്ക്‌ തങ്ങളുടെ മൗലികാവകാശമായ നീതി ലഭിക്കുക എന്നത്‌ സുപ്രീംകോടതി നിഷേധിക്കുന്ന സന്ദർഭമാണിത്‌‌. എന്തെന്നാൽ അത്‌ ലോക്‌ഡൗണിലാണ്‌.’’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങൾ ക്രിമിനൽ കോടതിയലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാകില്ല. ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അക്കാര്യത്തിൽ സുപ്രീംകോടതിയുടെ വമ്പിച്ച ഉത്തരവാദിത്തവുമാണ്‌ ഈ ട്വീറ്റുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതോടൊപ്പം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്‌മകളും ഓർമിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും തങ്ങളെപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഒട്ടും അസഹിഷ്‌ണുത പ്രകടിപ്പിക്കാതെയും സമചിത്തതയോടെയുമാണ്‌ സമീപിക്കേണ്ടത്‌. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കുകയും വേണം.
 
സുപ്രീംകോടതിയുടെ വിധിന്യായങ്ങളെയും നടപടിക്രമങ്ങളെയും പറ്റി അടുത്തകാലത്ത്‌ വിമർശനങ്ങൾ വർധിച്ചുവരുന്നുണ്ടെന്ന്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. അയോധ്യ തർക്കത്തിലെ സുപ്രീംകോടതി വിധി മതനിരപേക്ഷതത്വം ഉയർത്തിപ്പിടിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്‌. വസ്‌തുതർക്കത്തിൽ വസ്‌തുതയ്‌ക്കും തെളിവിനും നൽകേണ്ട പരിഗണനയ്‌ക്ക്‌ ഉപരിയായി വിശ്വാസങ്ങൾക്ക്‌ നൽകപ്പെട്ടതായി വിമർശനമുണ്ട്‌. ജമ്മു കശ്‌മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370ഉം 35 (എ)യും അനുച്ഛേദങ്ങളും റദ്ദക്കിയതിനെ ചോദ്യംചെയ്‌ത്‌ 2019 ആഗസ്‌തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട്‌ ഹർജികളിൽ ഇനിയും തീർപ്പുകൽപ്പിച്ചിട്ടില്ല. പൗരത്വ അവകാശനിയമ ഭേദഗതിയെ ചോദ്യംചെയ്‌തുകൊണ്ട്‌ നൽകിയ ഹർജികളും തീരുമാനിക്കപ്പെട്ടിട്ടില്ല. നീതി വൈകുന്നതിനാൽ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു എന്ന വിമർശനവും ശക്തിപ്പെട്ടുവരുന്നുണ്ട്‌. പരാതിക്കാരനും വിധികർത്താവും ഒരാളാകുമ്പോൾ വിമർശനങ്ങളെ അസഹിഷ്‌ണുതയോടും പക്ഷപാതപരമായും വിലയിരുത്താനുള്ള സാധ്യത വളരെ വലുതാണ്‌. അതുകൊണ്ടാണ്‌ ക്രിമിനൽ കോടതിയലക്ഷ്യ കേസുകൾ കോടതിതന്നെ കൈകാര്യം ചെയ്യുന്ന രീതി നീതിനിഷേധത്തിൽ ചെന്നെത്തുന്നത്‌. അത്തരം കേസുകൾ പരിഗണിക്കുന്നതിനും തെളിവെടുക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും കോടതികളിൽനിന്ന്‌ സ്വതന്ത്രമായ ഒരു പ്രത്യേക സംവിധാനം ഒരുക്കുന്നതാണ്‌ അഭികാമ്യം.

Thursday, August 20, 2020

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും


കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളും അണിനിരന്നിരിക്കുകയാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുകയാണെങ്കിലും കേരളത്തിൽ എൽഡിഎഫിനെതിരെ അവർ യോജിപ്പോടെ നീങ്ങുന്നു. സർക്കാരിനെതിരെ ഒരു കള്ളക്കഥ പലതവണ ആവർത്തിക്കുകമാത്രമല്ല, പല കള്ളക്കഥകൾ ഒരുമിച്ച്‌ പ്രചരിപ്പിച്ചും ആവർത്തിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കോവിഡ്‌‐19 വ്യാപനത്തെ തടയാനെടുക്കുന്ന നടപടികളുടെ ഫലമായി പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും ജനറൽ ബോഡി യോഗങ്ങളോ പ്രകടനങ്ങളോ പൊതുസമ്മേളനങ്ങളോ നടത്താനാകുന്നില്ല. ഈ പരിമിതി കണക്കിലെടുത്ത്‌ യുഡിഎഫും ബിജെപിയും വലതുപക്ഷ സ്വഭാവമുള്ള അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളും സർക്കാരിനെതിരെ വിഷലിപ്‌തമായ കള്ളപ്രചാരവേലകൾ സംഘടിപ്പിക്കുകയാണ്‌. നാടനും വിദേശീയവുമായ കോർപറേറ്റുകളുടെ വമ്പിച്ച ധനവും ഇവർക്ക്‌ തുണയായുണ്ട്‌. വലതുപക്ഷശക്തികളുടെ ഈ നീക്കങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എന്നെല്ലാം ഇടതുപക്ഷ പ്രസ്ഥാനം കരുത്താർജിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബൂർഷ്വ-ഭൂപ്രഭു വർഗത്തിന്റെയും അത്തരം രാഷ്ട്രീയകക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന്‌ അപവാദപ്രചാരണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. കേരളത്തിൽ പരാജയപ്പെടുത്തിയാൽ ഇന്ത്യയിലാകെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു.
 

ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

 ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യൻ  ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോള തലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി   ശ്രീ പിയൂഷ് ഗോയൽ  പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ് -ടെക്  ആഗോള സമ്മേളനം ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കും ലോകത്തിനാകെയും ആവശ്യമായ മരുന്ന് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖല  ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.