Saturday, May 16, 2020

ഒരു ദിവസം നാലു ട്രെയിനുകളിൽ നിന്നു ഇപ്പോൾ 145 വരെ ട്രെയിനുകള്‍: 'വീടുകളിലേക്കുള്ള മടക്കം' ദൗത്യത്തിന് പ്രത്യേക ശ്രമിക് ട്രെയിനുകള്‍ വഴി ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത് വന്‍ ദൗത്യം

ഒരു ദിവസം നാലു ട്രെയിനുകളിൽ  നിന്നു ഇപ്പോൾ  145 വരെ ട്രെയിനുകള്‍: 'വീടുകളിലേക്കുള്ള മടക്കം' ദൗത്യത്തിന് പ്രത്യേക ശ്രമിക് ട്രെയിനുകള്‍ വഴി ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത് വന്‍ ദൗത്യം

ഗതാഗതത്തില്‍ പുതിയ നാഴികക്കല്ല്; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ  രണ്ടു ലക്ഷത്തിലധികമാളുകള്‍ ഒരൊറ്റ ദിവസം സ്വന്തം  വീടുകളുടെ സുരക്ഷിതത്വത്തിലേക്കു എത്തിക്കാനായി.

ഇതുവരെ ഓടിയത് 1000ൽ അധികം പ്രത്യേക ശ്രമിക് ട്രെയിനുകള്‍


ഇതര സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം തൊഴിലാളി ദിനമായ മെയ് ഒന്നിനു റെയില്‍വേ ആരംഭിച്ച പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സൃഷ്ടിക്കുന്നത് പുതിയ റെക്കോഡ്.

ഒന്നാം ദിനത്തില്‍ വെറും നാല് ട്രെയിനുകളുമായി തുടങ്ങിയ ദൗത്യത്തില്‍ 15 ദിവസത്തിനുള്ളില്‍ ഓടിച്ചത് 1000ല്‍ അധികം ട്രെയിനുകള്‍. മെയ് 14ന് ഒരൊറ്റ ദിവസം മാത്രം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 2.10 ലക്ഷത്തിലധികം ആളുകളെ സ്വന്തം നാട്ടിലെത്തിക്കാന്‍ 145 ട്രെയിനുകള്‍ സര്‍വീസ് നടത്തി.

ഇതാദ്യമാണ് ഒരു ദിവസം 2 ലക്ഷത്തിലധികം യാത്രക്കാര്‍ ശ്രമിക് ട്രെയിനുകളില്‍ സഞ്ചരിക്കുന്നത്. മെയ് 1ന് അയ്യായിരത്തോളം പേര്‍ മാത്രമാണ് ശ്രമിക് ട്രെയിനുകളില്‍ യാത്ര തുടങ്ങിയത്. ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ അവരുടെ നാട്ടിലെത്തി.

ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജമ്മു, കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണു ട്രെയിനുകള്‍ ഓടിയത്.

300 പ്രത്യേക ശ്രമിക് ട്രെയിനുകള്‍ വരെ ഒരു ദിവസം സര്‍വീസ് നടത്തി കുടുങ്ങിക്കിടക്കുന്ന നാല് ലക്ഷത്തിലധികം ആളുകളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലെത്തിക്കുന്ന ദൗത്യത്തിനാണ് സംസ്ഥാന ഗവണ്‍മെന്റുകളുമായുള്ള ഏകോപനത്തിലൂടെ റെയില്‍വേ ശ്രമിക്കുന്നത്.

ആളുകളെ അയയ്ക്കാനും സ്വീകരിക്കാനും രണ്ടു സംസ്ഥാനങ്ങളും സമ്മതിച്ച ശേഷം മാത്രമാണ് ഓരോ സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനത്തേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അയയ്ക്കുന്നത്. ട്രെയിനുകള്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ ശരിയായ പരിശോധനകള്‍ക്കു വിധേയരാക്കുകയും യാത്രാമധ്യേ ഭക്ഷണവും വെള്ളവും റെയില്‍വേതന്നെ നല്‍കുകയും ചെയ്യുന്നുണ്ട്.

ലോക്ക്ഡൗൺ കാലത്ത് വിഹിതങ്ങൾ നിക്ഷേപിക്കുന്നത് വൈകുന്നതിനു പിഴചുമത്തുന്നതില്‍ നിന്ന് ഇ.പി.എഫ്, എം.പി നിയമം 1952 കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ്

കോവിഡ്-19ന്റെ വ്യാപനം  നിയന്ത്രിക്കുന്നതിനായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച ലോക്ക്ഡൗണും  അതുമായി ബന്ധപ്പെട്ട  മറ്റ് തടസങ്ങളും മൂലം ഇ.പി.എഫ് ആന്റ് എം.പി നിയമം 1952ന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ദുരിതത്തിലാവുകയും  സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനും  നിയമപരമായ വിഹിതങ്ങൾ  സമയത്തിന് അടയ്ക്കാനും കഴിയുന്നില്ല.

വിഹിതങ്ങളും  മറ്റ്  ചാര്‍ജ്ജുകളും സമയത്തിന് നിക്ഷേപിക്കാന്‍ ഈ അടച്ചിടല്‍ കാലത്ത് എപ്പോഴെങ്കിലും സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍, പ്രവര്‍ത്തനപരമോ അല്ലെങ്കില്‍ സാമ്പത്തികപരമോ ആയ കാരണങ്ങള്‍ മൂലം അത്തരത്തില്‍ വൈകലുണ്ടായിട്ടുണ്ടെങ്കില്‍ അതിനെ വീഴ്ചയായി കണക്കാക്കേണ്ടതില്ലെന്നും വീഴ്ചയ്ക്കുള്ള പിഴ ചുമത്തേണ്ടതില്ലെന്നും ഇ.പി.എഫ്.ഒ തീരുമാനിച്ചു.

ഇ.പി.എഫ്.ഒയുടെ വെബ്‌സൈറ്റിലെ ഹോംപേജിലെ കോവിഡ്-19 ടാബിന് കീഴില്‍ ലഭ്യമാകുന്ന അത്തരം കേസുകളില്‍ വീഴ്ചകളുടെ പിഴ ചുമത്താനുള്ള  നടപടികള്‍ ആരംഭിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം അടങ്ങുന്ന 2020 മേയ് 15നുള്ള സര്‍ക്കുലര്‍ ഇ.പി.എഫ്.ഒയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അധ്യാപക പരിശീലന കോഴ്സുകൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുൻകാല പ്രാബല്യത്തോടെയുള്ള അംഗീകാരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ന്യൂ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇക്കഴിഞ്ഞ മെയ് 12ാം തിയതിയാണ് ഇത് സംബന്ധിച്ച രണ്ടു വിജ്ഞാപനങ്ങളും പുറത്തിറക്കിയത്. നിലവില്‍ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എന്‍.സി.ടി.ഇ) അംഗീകാരമില്ലാതെയാണ് ഈ പരിശീലനപരിപാടികള്‍ നടത്തുന്നത്. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കോ‌ഴ്‌സുകളുടെ അംഗീകാരത്തിന് മുന്‍കാല പ്രാബല്യം
ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി1993 ലെ എന്‍.സി.ടി.ഇ നിയമത്തില്‍ ഭേദഗതിവരുത്താനാനുള്ള  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രമത്തെ തുടര്‍ന്നാണിത്.2019 ജനുവരി 11 ന് ഇത് സംബന്ധിച്ച നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ച ശേഷം വിജ്ഞാപനം ചെയ്തു.
2017-2018 അക്കാദമിക് വര്‍ഷം വരെയുളള കോഴ്‌സുകള്‍ക്ക് മാത്രമായിരിക്കും മുന്‍കാല അംഗീകാരം ലഭിക്കുക. ഈ കാലാവധിക്കുള്ളില്‍ കോഴ്‌സ് വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനും അംഗീകാരം ലഭിക്കും. ഭാവിയില്‍ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുന്നതിനോ പിന്നീട് കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനോ സ്ഥാപനങ്ങളെ അനുവദിക്കില്ല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള 23സ്ഥാപനങ്ങളിലെ 13,000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 17,000ത്തോളം അധ്യാപകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. നിലവില്‍ ഇവര്‍ നേടിയ സര്‍ട്ടിഫിക്കറ്റിന് വിജ്ഞാപനത്തിലൂടെ നിയമപരമായ സാധുത ലഭിക്കും.
 

കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിതല സമിതിയോഗം ചേര്‍ന്നു; നിലവിലെ സാഹചര്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി

കോവിഡ് പശ്ചാത്തലത്തില്‍, കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ 15-ാമത് യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി, വിദേശകാര്യ മന്ത്രി ഡോ എസ്. ജയശങ്കര്‍, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ റായ്, ഷിപ്പിങ് സഹമന്ത്രി ശ്രീ മന്‍സുഖ് ലാല്‍ മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേ, പ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു.
ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തുമുള്ള കോവിഡ് 19 സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ഇന്ത്യയില്‍, 81,970 പേര്‍ക്ക് രോഗം ബാധിക്കുകയും 2,649 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മരണനിരക്ക് 3.23% ആണ്. 27,920 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 1,685 പേര്‍ രോഗമുക്തി നേടി. ഇതോടെ, രോഗമുക്തി നിരക്ക് 34.06% ആയി.
രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് ലോക്ക്ഡൗണിന് മുന്‍പുള്ള ആഴ്ചയില്‍ 3.4 ദിവസമായിരുന്നത് കഴിഞ്ഞ ആഴ്ചയില്‍ 12.9 ദിവസം എന്ന തോതിലേയ്ക്ക് ഉയര്‍ന്നതായി യോഗം വിലയിരുത്തി. ലോക്ക്ഡൗണിന്റെ നേട്ടമാണിതെന്ന് യോഗം നിരീക്ഷിച്ചു.
ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തി. 919 കോവിഡ് ആശുപത്രികള്‍, 2036 കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍, 5,739 കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിങ്ങനെ 8,694 കോവിഡ് കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. 84.22 ലക്ഷം എന്‍ 95 മാസ്‌കുകളും, 47.98 ലക്ഷം പി.പി.ഇ. കിറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കി.
രാജ്യത്തെ ഗവണ്‍മെന്റ്, സ്വകാര്യമേഖലയിലെ 509 ലബോറട്ടറികളിലൂടെ പ്രതിദിനം ഒരു ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, മന്ത്രിതല സമിതിയെ അറിയിച്ചു. ഇതുവരെ ഏകദേശം 20 ലക്ഷം ടെസ്റ്റുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 
വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവ സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായത്തോടെ, വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന വിമാന സര്‍വീസുകളെപ്പറ്റിയും യോഗം വിലയിരുത്തി. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍, ഏതാണ്ട് 12,000 ത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ച്, അതത് സംസ്ഥാനങ്ങളില്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്കും www.mohfw.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ technicalquery.covid19@gov.inഎന്ന മെയിലിലേയ്ക്കും മറ്റു സംശയങ്ങള്‍ ncov2019@gov.in എന്ന ഇ-മെയിലിലേയ്ക്കും അയയ്‌ക്കേണ്ടതാണ്. @CovidIndiaSeva എന്ന ട്വിറ്റര്‍ ഹാന്റിലിലും സംശയനിവാരണം തേടാവുന്നതാണ്. ഇതിനുപുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ +91-11-2397 8046 അല്ലെങ്കില്‍ 1075 (ടോള്‍ഫ്രീ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മറ്റു ഹെല്‍പ്പലൈന്‍ നമ്പറുകള്‍
www.mohfw.gov.in/coronavirushelplinennumber.pdfഎന്ന ലിങ്കിലും ലഭ്യമാണ്.

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സചേതും രണ്ട് ഇന്റർസെപ്റ്റർ (അതിവേഗ പ്രതിരോധ) ബോട്ടുകളും കമീഷൻ ചെയ്‌തു



രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജിഎസ്) സചേതും രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും (സി -450, സി -451 ) ഗോവയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി കമീഷൻ ചെയ്തു. ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ് (ജി‌എസ്‌എൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത്‌  നിർമ്മിച്ചതാണ്‌ അഞ്ച് തീരമേഖല പട്രോളിംഗ് (ഒപിവി) ശ്രേണിയിലെ ആദ്യത്തെ കപ്പലായ ഐ‌സി‌ജി‌എസ് സചേത്‌. കൂടാതെ അത്യാധുനിക സമുദ്രയാന( നാവിഗേഷൻ) വിവര വിനിമയ ഉപകരണങ്ങൾ ഘടിപ്പിച്ചതാണ്‌.
സുരക്ഷിതവും സംരക്ഷിതവും ശുദ്ധവുമായ കടൽ നമ്മുടെ രാഷ്ട്രനിർമ്മാണത്തിന് സാമ്പത്തിക അവസരങ്ങൾ നൽകുന്നുവെന്ന്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയമായ ‘സാഗർ’ (സെക്യൂരിറ്റി ആൻഡ്‌ ഗ്രോത്ത്‌ ഫോർ ഓൾ ഇൻ ദ റീജിയൻ) ഉയർത്തിക്കാട്ടി രക്ഷാമന്ത്രി പറഞ്ഞു. മേഖലയിലെ നിർണായക സമുദ്രശക്തിയായതിനാൽ കേന്ദ്ര സർക്കാർ സമുദ്രത്തിന്‌  മുഖ്യ പരിഗണനയാണ്‌ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ ലോകത്തിലെ നാലാമത്തെ വലിയ തീരസംരക്ഷണ സേനയെന്ന നിലയിൽ  ഒരു സുപ്രധാന ശക്തിയായി ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡ്‌ മാറിയെന്ന്‌ തീരമേഖലയ്‌ക്ക്‌ സംരക്ഷണം നൽകുന്നതിൽ  ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിന്റെ  പങ്കിനെ പ്രശംസിച്ച ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.  കോസ്റ്റ് ഗാർഡ് കപ്പലുകൾ സമുദ്രം വഴിയുള്ള ഭീകര പ്രവർത്തനം, മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, സമുദ്ര നിയമ പാലനം, ദുരന്തത്തിൽപ്പെടുന്ന സമുദ്രയാത്രക്കാരെ രക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ സഹായകരമാകുമെന്ന് രക്ഷ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ സാഹചര്യത്തിലും കപ്പലുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഗോവ ഷിപ്പ് യാർഡിന്റെയും ഹാസിരയിലെ എൽ ആൻഡ് ടി ഷിപ്പ് യാർഡിന്റെയും പ്രയത്‌നങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
105 മീറ്റർ നീളമുള്ള സാചേത്‌  കപ്പൽ ഏകദേശം 2,350 ടൺ വഹിച്ചു നീങ്ങും. കൂടാതെ 9,100 കിലോവാട്ട് ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് 26 നോട്ട് ( നോട്ടിക്കൽ മൈൽ ) പരമാവധി വേഗതയിൽ 6,000 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ശേഷിയുണ്ട്‌.
ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും തിരച്ചിൽ–-രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒരു കാറ്റുനിറച്ച ബോട്ടും വഹിക്കാവുന്ന തരത്തിലാണ്‌ കപ്പൽ രൂപകൽപ്പന. കടലിലെ എണ്ണ ചോർച്ച കൊണ്ടുള്ള മലിനീകരണം തടയുന്നതിനുള്ള ഉപകരണങ്ങളും വഹിക്കാനും കപ്പലിന് കഴിയും.  കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള കർശനമായ മാർഗനിർദേശം പാലിച്ച്‌ ഡിജിറ്റൽ മാധ്യമത്തിലൂടെ ഒരു കപ്പൽ കമീഷൻ ചെയ്യുന്നത്‌ ഇന്ത്യൻ സമുദ്രയാന ചരിത്രത്തിൽ ആദ്യമാണ്.
ഹാസിരയിലെ എൽആൻഡ്‌ ടി ഷിപ്പ്‌ യാർഡാണ്  രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും (സി -450, സി -451 ) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും പുതിയ സമുദ്രയാന‌, വിവര വിനിമയ ഉപകരണങ്ങൾ‌ ഘടിപ്പിച്ചിരിക്കുന്നു. 30 മീറ്റർ നീളമുള്ള രണ്ട് ബോട്ടുകൾക്ക് 45 നോട്ടിൽ ( നോട്ടിക്കൽ മൈൽ) കൂടുതൽ വേഗത അതിവേഗം കൈവരിക്കാൻ കഴിയും. മാത്രമല്ല അതിവേഗത്തിലെത്തിയുള്ള പ്രതിരോധം , സൂക്ഷ്‌മമായ തീരദേശ നിരീക്ഷണം, ചെറിയ സമുദ്രരക്ഷാ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തതാണ്‌. ഇവ കമീഷൻ ചെയ്തതോടെ 150 കപ്പലുകളും ബോട്ടുകളും 62 വിമാനങ്ങളും കോസ്‌റ്റ്‌ഗാർഡിന്റെ ശേഷിയുടെ ഭാഗമായി.

കർഷകർ, അതിഥിത്തൊഴിലാളികൾ, ദരിദ്രർ എന്നിവർക്കായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ ക്രൂരമായ തട്ടിപ്പാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

​​
കർഷകർ, അതിഥിത്തൊഴിലാളികൾ, ദരിദ്രർ എന്നിവർക്കായി  ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ ക്രൂരമായ തട്ടിപ്പാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

ഇരുപതു ലക്ഷം കോടിയുടെ പാക്കേജിൽ  കേന്ദ്രം നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച്‌ ധനമന്ത്രി നടത്തിയ അവകാശവാദങ്ങൾ വ്യാജമാണ്‌. അതിഥിത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, ഗാർഹിക ജോലിക്കാർ എന്നിവർക്ക്‌ ഒരു രൂപ പോലും പാക്കേജിലില്ല. പ്രധാനമായും വായ്പ‌ നൽകാനുള്ളതാണ്‌ പാക്കേജ്‌. ഭക്ഷ്യധാന്യം നൽകാൻ 3,500 കോടി നീക്കിവച്ചത് മാത്രമാണ് നേരിട്ടുള്ള ഇടപെടല്‍. കോടിക്കണക്കിനു റേഷൻ കാർഡുകൾ റദ്ദാക്കി‌ പാവപ്പെട്ടവരെ ദുരിതത്തിലാക്കിയ കേന്ദ്രം പ്രതിമാസം അഞ്ച്‌ കിലോ വീതം  ഭക്ഷ്യധാന്യവും ഒരു കിലോ വീതം കടലയും നൽകുന്നത്‌ മഹാകാര്യമായി മന്ത്രി അവതരിപ്പിച്ചു. ഒരു രാജ്യം ഒരു റേഷൻകാർഡ്‌ പദ്ധതി പുതിയ പേരിൽ അവതരിപ്പിച്ച്‌ അടുത്തവർഷം പൂർത്തീകരിക്കുമെന്ന്‌ പറയുന്നത്‌ ഇപ്പോഴത്തെ ദുരിതം പരിഹരിക്കാൻ  പ്രയോജനപ്പെടില്ല.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിൽദിനങ്ങളിൽ 40–-50 ശതമാനം വർധനയുണ്ടായെന്ന്‌ മന്ത്രി  തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞവർഷം  ഏപ്രിലിൽ 27.3 കോടി തൊഴിൽദിനം സൃഷ്ടിച്ചെങ്കില്‍  ഇക്കൊല്ലം ഏപ്രിലിൽ ഇത്‌ 1.1 കോടിയായി കുറഞ്ഞു. ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ഗ്രാമങ്ങളിൽ മടങ്ങിയെത്തുന്നവരെ തൊഴിലില്ലായ്‌മ വേട്ടയാടും. വ്യവസായങ്ങൾക്ക്‌ യഥേഷ്ടം വായ്‌പ നൽകുന്നതിനു പകരം തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്ന സാമ്പത്തികപാക്കേജാണ് വേണ്ടത്.

കാംപ ഫണ്ടു(നിര്‍ബന്ധിത വനവൽക്കരണ നിധി) കളുടെ വിനിയോഗത്തിൽ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകാൻ കേന്ദ്രത്തിന്‌ അധികാരമില്ല. ആദിവാസികളടക്കം തദ്ദേശീയ വിഭാഗങ്ങളുമായി കൂടിയാലോചിച്ച്‌ സംസ്ഥാനസർക്കാരുകളാണ്‌ ഫണ്ട്‌ വിനിയോഗിക്കേണ്ടത്‌. അതിഥിത്തൊഴിലാളികളുടെ ഭക്ഷണ ചെലവ്‌ കേന്ദ്രം വഹിക്കുമെന്ന്‌ പറയുന്നത്‌ അവഹേളിക്കലാണ്‌. മഹാമാരി വന്നിട്ടില്ലെങ്കിൽപോലും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക്‌ വാർഷികസംഭാവന നൽകണ്ടേത്‌ കേന്ദ്രത്തിന്റെ നിയമപരമായ ബാധ്യതയാണ്‌. 75:25 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും ചെലവ്‌ വഹിക്കണം. നയാപൈസ പോലും  അധികം അനുവദിച്ചിട്ടില്ല.

നഗരദരിദ്രരിൽ 80 ശതമാനത്തിനും തൊഴിൽ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ആദായനികുതി പരിധിക്ക്‌ പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും മൂന്ന്‌ മാസത്തേ‌ക്ക്‌ പ്രതിമാസം 7,500 രൂപ വീതം നൽകണം. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾക്ക്‌ പ്രതിമാസം 10 കിലോ വീതം ഭക്ഷ്യധാന്യം  ആറ്‌ മാസത്തേ‌ക്ക്‌ നൽകണം. ഒറ്റത്തവണത്തേ‌ക്ക്‌ കർഷകരുടെ എല്ലാ  കടങ്ങളും എഴുതിത്തള്ളണം.സംസ്ഥാനങ്ങൾക്ക്‌ അടിയന്തരമായി വിപുലമായ  സാമ്പത്തിക സഹായം നൽകണം. 50 ദിവസമായി തെരുവിൽ കഴിയുന്ന അതിഥിത്തൊഴിലാളികളെ  സൗജന്യമായി  അവരുടെ നാടുകളിൽ എത്തിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

Friday, May 8, 2020

സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടിയത് കൊടിയ അനീതി: മുല്ലപ്പള്ളി

സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടിയത് കൊടിയ അനീതി: മുല്ലപ്പള്ളി

മടങ്ങിയെത്തിയ പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയത് കൊടിയ അനീതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രത്യേക വിമാനം വിട്ടുനല്‍കി എന്നതിന് അപ്പുറം സര്‍ക്കാരിന്  ഊറ്റം കൊള്ളാന്‍ ഒന്നുമില്ല. എന്തെങ്കിലും  ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികള്‍ക്ക് നല്‍കേണ്ടി വന്നത്.തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ സന്തോഷിച്ച എല്ലാ പ്രവാസികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.

തൊഴില്‍ നഷ്ടപ്പെട്ടവരാണ് നാട്ടിലേക്ക് പോകാനുള്ള മുന്‍ഗണനപട്ടികയില്‍ ഇടം പിടിച്ചതില്‍ ഒരു വിഭാഗം. രണ്ടുമാസമായി ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണ് ഇവരില്‍ പലരും. കൈയില്‍ കാശില്ലാത്ത പലരും കടം വാങ്ങിയാണ് വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഉള്‍പ്പടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് ഇവര്‍ക്ക്  പ്രത്യേക വിമാന സര്‍വീസില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. പുതിയ ടിക്കറ്റ് ഉയര്‍ന്ന് നിരക്കില്‍ എടുത്തുവേണം യാത്ര ചെയ്യാനെന്നുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പ്രവാസിയെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (08-05-2020) സംഭാവന ചെയ്തവർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (08-05-2020) സംഭാവന ചെയ്തവർ: 

പൊറോറ സര്‍വ്വീസ് സഹകരണ ബാങ്ക് 9,33,964 രൂപ 

ചാലക്കുടി താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 7,77,000 രൂപ

പയ്യന്നൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ 

പനങ്ങാട് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ റിട്ട. അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റി 5 ലക്ഷം രൂപ

കുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കാര്യാലയം, ജീവനക്കാര്‍, കോഴിക്കോട്  
4,89,000 രൂപ

സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്ത വനിതകൾക്കും ഇനി കേന്ദ്ര സഹായം ലഭിക്കും.


സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്ത വനിതകൾക്കും ഇനി കേന്ദ്ര സഹായം ലഭിക്കും. 

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ട് എടുത്തവരുടെ വിവരങ്ങൾ സഹകരണ വകുപ്പ്  കേന്ദ്ര സർക്കാരിന് സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ നൽകുന്ന മിക്ക സഹായങ്ങളും  സഹകരണ ബാങ്കുകളിലെ അക്കൗണ്ടുള്ളവർക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. 
കൊറോണക്കാലത്ത് ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ അനുവദിച്ച 1500 രൂപയുടെ ആദ്യ ഗഡു ദേശസാത്‌കൃത ബാങ്കുകളിൽ അക്കൗണ്ടുള്ള സ്ത്രീകൾക്ക് ലഭിച്ചിരുന്നു. പക്ഷെ സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ള 2 ലക്ഷത്തിൽപരം സ്ത്രീകൾക്കാണ് ഈ സഹായം കേരളത്തിൽ ലഭിക്കാതെ പോയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കൃത്യമായ ഇടപെടലിനെത്തുടർന്ന് സഹകരണ ബാങ്കുകളിൽ അക്കൗണ്ടുള്ള വനിതകൾക്കും ഇനി മുതൽ ഈ സഹായം ലഭിക്കും. കഴിഞ്ഞ മാസം വിതരണം ചെയ്ത ആദ്യ ഗഡു 500 രൂപയും മെയ് നാലു മുതൽ വിതരണം ചെയ്യാൻ ആരംഭിച്ച രണ്ടാം ഗഡു 500 രൂപയും ഉൾപ്പടെ ആയിരം രൂപ സംസ്ഥാന സഹകരണ ബാങ്കുകളിൽ ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് ലഭിച്ചു തുടങ്ങി.

വിശാഖപട്ടണത്തെ എൽജി പോളിമർ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തുന്നു.

​​വിശാഖപട്ടണത്തെ എൽജി പോളിമർ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ സി.പി.ഐ (എം)  പൊളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തുന്നു. ഇതുവരെ പത്തിലധികം പേർ മരിക്കുകയും ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കമ്പനിയുടെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അവഗണനയുടെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ അപകടം. ലോക്ക്ഡൗണിനു ശേഷം അടച്ച പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.

കനത്ത പുകയിൽ പെട്ട ആളുകൾ വീടുകളിൽനിന്നും ഓടിയിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഏറെ മരണങ്ങളും ശ്വാസംമുട്ടൽ മൂലമാണ് സംഭവിച്ചത്. ദുരിതബാധിതരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനുവേണ്ട ഇടപെടൽ യഥാസമയം നടത്തുന്നതിൽ ജില്ലാ അധികൃതർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഈ ദുരന്തത്തിന്മേൽ സമയബന്ധിതമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു. എൽജി പോളിമർ മാനേജ്മെന്റ് കുറ്റവാളിയാണെന്നും നിയമപ്രകാരം നടപടിയെടുക്കണമെന്നും പാർടി ആവശ്യപ്പെടുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം.

Thursday, May 7, 2020

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ 2020 മെയ് 07 നും, വയനാട് ജില്ലയിൽ മെയ് 11 നും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക

ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ:

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. ആയതിനാൽ പൊതുജനങ്ങൾ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

- ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

- ടെറസിലേക്കോ, മുറ്റത്തക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.

- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

- ജനലും വാതിലും അടച്ചിടുക.

- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

- ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

- ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. 

- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

- പട്ടം പറത്തുവാൻ പാടില്ല. 

- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. 

- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്