Monday, August 30, 2021

ജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനും ശക്തിപകരാൻ വി വി ദക്ഷിണാമൂർത്തിയുടെ സ്‌മരണ നമുക്ക്‌ പ്രചോദനമേകും.- സ. എ വിജയരാഘവൻ


 ആദർശനിഷ്ഠയോടെയുള്ള ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു 2016 ആഗസ്‌ത്‌ മുപ്പത്തൊന്നിന്‌ വിടപറഞ്ഞ സ. വി വി ദക്ഷിണാമൂർത്തി. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി, യുവജന, അധ്യാപക, ട്രേഡ്‌ യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു.

Wednesday, August 18, 2021

വികസനമുന്നേറ്റങ്ങൾക്ക് കേരളത്തെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പി കൃഷ്ണപിള്ളയുടെ സ്മരണ ശക്തിപകരുന്നതാണ്. - സ. എ വിജയരാഘവൻ


 കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതം. രാജ്യം സ്വതന്ത്രമായി ഒരു വർഷം കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വഴികാട്ടിയായിരുന്നു സഖാവ്. നാം ഇന്ന്‌ എത്തിനിൽക്കുന്ന പുരോഗതിയുടെ പാതയിലേക്ക് നയിച്ച ആശയങ്ങളുടെ ആദ്യവിത്തുകൾ പാകിയത് പി കൃഷ്ണപിള്ളയാണ്. സഖാവ് സ്വപ്നംകണ്ട, കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ പലവട്ടം അധികാരത്തിൽ വന്നു. ഇപ്പോഴിതാ ചരിത്രം തിരുത്തി എൽഡിഎഫ് സർക്കാർ തുടർഭരണത്തിലേറിയ സാഹചര്യത്തിലാണ് നാം പ്രിയ സഖാവിന്റെ സ്മരണ പുതുക്കുന്നത്. ഏത്‌ വെല്ലുവിളിയും പ്രതിസന്ധിയും നെഞ്ചുറപ്പോടെ നേരിട്ട് കർമപന്ഥാവിലൂടെ മുന്നേറാനുള്ള കരുത്തും ആവേശവുമാണ് അദ്ദേഹത്തിന്റെ ഓർമ നമ്മിൽ നിറയ്ക്കുന്നത്.

Tuesday, August 17, 2021

കേരളത്തിലെ വികസന സ്തംഭനത്തിന് ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്: ജെപി നദ്ദ


കോഴിക്കോട് - കേരളത്തിലെ  വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറ‍ഞ്ഞു.   കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നത്. ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ല. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

Monday, August 16, 2021

കേരളത്തിലെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് ഐക്യകേരള രൂപീകരണത്തേക്കാൾ പ്രായമുണ്ട്. - സ. പിണറായി വിജയൻ


 കേരളത്തിലെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് ഐക്യകേരള രൂപീകരണത്തേക്കാൾ പ്രായമുണ്ട്. 1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ ഭരണപരിഷ്കാരത്തിന് മുഖ്യമന്ത്രി ഇ എം എസ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 1958ൽ അവതരിപ്പിച്ച അധികാരവികേന്ദ്രീകരണ നിയമം സമഗ്രവും തനതുമായിരുന്നു. അതു നടപ്പാക്കാൻ കഴിയുംമുമ്പ് വിമോചനസമരത്തിലൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. 1987ലെ നായനാർ മന്ത്രിസഭ നടപ്പാക്കിയ ജില്ലാ കൗൺസിലുകളാണ് മറ്റൊരു സുപ്രധാന ചുവടുവയ്പ്. 1991-92ലെ വാർഷികപദ്ധതിയിൽ കൗൺസിലുകൾക്ക്‌ പ്രത്യേകവിഹിതം വകയിരുത്തുകയും ചെയ്തു. ഭരണത്തിൽ വന്ന മാറ്റത്തോടെ ജില്ലാ കൗൺസിലുകളെ ഇല്ലായ്മ ചെയ്തു. ആ ഘട്ടത്തിലാണ് അധികാരവികേന്ദ്രീകരണം അനിവാര്യമാക്കിയ ഭരണഘടനയുടെ 73, 74 ഭേദഗതികൾ വരുന്നത്. അതിന്റെ തുടർച്ചയായി നടക്കേണ്ട നിയമനിർമാണത്തിൽ കേരളത്തിൽ വലിയ അമാന്തമുണ്ടായി. കേരളമാണ് ഏറ്റവും അവസാനം നിയമം പാസാക്കിയ സംസ്ഥാനം.

Sunday, August 15, 2021

നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് സിപിഎമ്മിനും ബോധ്യമായി: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഴുപത്തിനാലു വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണ്. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്.

ഇടത് എം.പിമാർ രാജ്യസഭയിൽ ഗുണ്ടായിസം കാട്ടി: വി. മുരളീധരൻ


തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍  ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ.  ബിനോയ് വിശ്വവും ശിവദാസനും  മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു.

തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന  മാര്‍ഷലിന്‍റെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് മുരളിധരൻ പറഞ്ഞു .

Thursday, August 12, 2021

ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ


 ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടതി വിധി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോ​ഗവും അമിതാധികാര പ്രയോ​ഗവുമാണ് പിണറായി വിജയൻ നടത്തിയത്. 

Monday, August 9, 2021

ജനാധിപത്യംതന്നെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുന്നതിന് പാർലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. - സ.എ വിജയരാഘവൻ

മോഡിസർക്കാർ ഇത്‌ പതിവാക്കിയിരിക്കയാണ്.

നിയമനിർമാണം അവധാനതയോടെ നടത്തേണ്ടതാണ്. ബില്ലുകളുടെ എല്ലാവശവും വിശദമായി പരിശോധിക്കുന്നതിന് പാർലമെന്റിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടുന്നത്. കേരള നിയമസഭയിലാണെങ്കിൽ ഈ ധർമം നിർവഹിക്കുന്നത് സബ്ജക്ട് കമ്മിറ്റികളാണ്. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി പാർലമെന്റിൽ നടന്നുവന്നിരുന്നു. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശുപാർശ പാർലമെന്റ് പരിശോധിച്ചശേഷമാണ് ബില്ലുകൾ പാസാക്കുന്നത്. ചില ശുപാർശകൾ സ്വീകരിക്കും; ചിലത്‌ തള്ളും. നിയമനിർമാണം അർഥവത്താക്കുന്നതിന് പാർലമെന്റിനെ സഹായിക്കുകയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യുന്നത്. എന്നാൽ, മോഡി സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റികളെ അപ്രസക്തമാക്കി. ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടുന്നേയില്ല. കാർഷിക ബില്ലുകളും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ലും പൗരത്വനിയമ ഭേദഗതി ബില്ലുമൊന്നും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിട്ടില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന ധിക്കാരത്തിലാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും ഒഴിവാക്കുന്നതിന് പല ബില്ലും മണി ബില്ലായി അവതരിപ്പിക്കുന്നു. ആധാർനിയമം കൊണ്ടുവന്നത് അങ്ങനെയാണ്. ധന ബില്ലിൽ ധനവുമായി ബന്ധമില്ലാത്തവ ഉൾപ്പെടുത്തുന്നു. ഭരണഘടന പ്രകാരം രാജ്യസഭയ്ക്കുള്ള അവകാശമാണ് ഈ രീതിയിൽ ഹനിക്കുന്നത്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവിക കപ്പലുകളായ ശിവാലിക്കും കഡ്‌മറ്റും ബ്രൂണൈയിൽ


 ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയമനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യയിൽ വിന്യസിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകളായ ശിവാലിക്കും  കഡ്‌മറ്റും 2021 ഓഗസ്റ്റ് 09 ന് ബ്രൂണെയിലെ മുആറയിൽ എത്തി. വിന്യസിക്കുന്നതിന്റെ മുന്നോടിയായി റോയൽ ബ്രൂണൈ നാവികസേനയുമായുള്ള ഉഭയകക്ഷി ആശയവിനിമയും പ്രൊഫഷണൽ ഇടപെടലുകളും നടക്കും.

Tuesday, August 3, 2021

സ്നേഹ ഇപ്പോൾ ഒരു മിനി സെലിബ്രിറ്റി ആണ് . പുതിയ വീടിന്റെ ഷെൽഫിൽ അവൾക്ക് കിട്ടിയ ഉപഹാരങ്ങൾ നിരന്നിരിക്കുന്നുണ്ട്. യോഗത്തിൽ പ്രസംഗിച്ചപ്പോൾ കൊച്ചു പ്രാസംഗിക കൂടി ആയിട്ടുണ്ട് എന്നെനിക്ക് തോന്നി.- ടി.എം. തോമസ് ഐസക്ക്


 സ്നേഹയ്ക്ക് ഒരു  വീടായി.  സ്നേഹയ്ക്ക് ഒരു വീട് നൽകും എന്ന് പറഞ്ഞപ്പോൾ  അതിത്ര എളുപ്പമായിരിക്കും എന്ന് കരുതിയില്ല. ആ കുട്ടിയും അവരുടെ സ്‌കൂളും പൊളിഞ്ഞ വീടുമെല്ലാം അത്രയേറെ നമ്മുടെയെല്ലാം മനസ്സിൽ ഇടം പിടിച്ചിരുന്നു.  ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വർഷം  ആണല്ലോ, അന്നത്തെ  റിസോർഴ്‌സ്  പേഴ്‌സൺമാരുടെ വാട്സാപ്പ്  കൂട്ടായ്മക്ക്  എട്ടുലക്ഷം രൂപ പിരിക്കുന്നതിന്  വലിയ പരിശ്രമം വേണ്ടി വന്നില്ല. ജനകീയാസൂത്രണത്തിന്റെ  മികവുകളിൽ ഒന്ന് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വന്ന  മാറ്റംആണ് . അത് കൊണ്ട് കൂടിയാവാം  ഇങ്ങനെ ഒരു ഉപഹാരം നൽകുന്നതിന് അവർ സ്വമേധയാ മുന്നോട്ടു വന്നത്.  

Monday, August 2, 2021

കോവിഡ്‌ പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണ്. - സ. എ വിജയരാഘവൻ


 കോവിഡ്‌ പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണ്.

കേരളത്തിന്‌ ആവശ്യമായ തോതില്‍ വാക്‌സിന്‍ നല്‍കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വാക്‌സിന്‍ വിതരണത്തില്‍ അങ്ങേയറ്റം ശുഷ്‌ക്കാന്തിയാണ്‌ സംസ്ഥാനം കാണിക്കുന്നത്‌. നല്‍കിയ വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്‌തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌ ഇക്കാര്യം ബോധ്യമായിട്ടും വാക്‌സിന്‍ അനുവദിക്കുന്നതില്‍ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണം.