Sunday, March 29, 2020

​​പായിപ്പാട് സംഭവം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

​​പായിപ്പാട് സംഭവം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന
-----------------------------------------------------------
കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം.

കൊറോണ വ്യാപനം തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവരെ താമസിപ്പിക്കാനും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാല്‍ ഇടപെട്ട് പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്‍റെ കരുതലിന്‍റെ സൂചനയാണ്. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.

തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. നിന്നിടത്തു തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അവര്‍ക്കിടയില്‍ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണര്‍ത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാര്‍ക്കാണ്. എന്നാല്‍, അവര്‍ നല്‍കുന്ന താമസം തൊഴില്‍ കഴിഞ്ഞുള്ള സമയത്തേക്ക് മാത്രമാണ് എന്ന് മനസ്സിലാക്കി അതിഥി തൊഴിലാളികളെ കൂടുതല്‍ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഈ പ്രത്യേക ഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറായത്. ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇടപെടലുണ്ടായി. അവര്‍ക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യം എന്നു വന്നപ്പോള്‍ അത് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കള്‍ മതി, തങ്ങള്‍ പാകം ചെയ്യാം എന്നു പറഞ്ഞവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്.

ഇന്നത്തെ പായിപ്പാട് സംഭവം സമൂഹത്തില്‍ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ് എന്ന് ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കും.

അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ നികത്തും. നിലവില്‍ അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാന്‍ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കും. സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി, തെറ്റിദ്ധാരണകളില്‍ കുടുങ്ങാതെ സഹകരിക്കണം എന്നാണ്.

തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്‍റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തില്‍നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാന്‍ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും.

ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭ്യമാക്കി.


ഉത്പാദനോപാദികളുടെ മേൽ സർക്കാരിന് നിയന്ത്രണം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ലോകം തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വിപണിയുടെ ലാഭേച്ഛയ്ക്ക് വിട്ടു കൊണ്ടുക്കേണ്ടതല്ല ജനങ്ങളുടെ ജീവനും സ്വത്തും എന്ന കാര്യം മറനീക്കി പുറത്തു വരുന്നു. നവലിബറൽ നയങ്ങളെ പുൽകിയ കേന്ദ്ര സർക്കാരിനും യുഡിഎഫ് സർക്കാരുകൾക്കും ബദലായി എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ച ഇടതുപക്ഷ ബദൽ നയങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നത് ഇന്ന് വ്യക്തമാണ്. പൊതുജനാരോഗ്യരംഗത്തെ ശക്തിപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കി വരുന്ന ആർദ്രം പദ്ധതിയും, പൊതുമേഖലയെ സംരക്ഷിക്കുവാൻ എടുത്ത നടപടികളും ഈ ഘട്ടത്തിൽ ജനം ആശ്വാസത്തോടെ ചർച്ച ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. 

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ. എസ്. ഡി. പി) ഒറ്റ ദിവസം കൊണ്ട് ഒരുലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ചു നൽകുവാൻ കഴിഞ്ഞത് ഇടതുപക്ഷം ഉയർത്തി പിടിച്ച നയങ്ങളുടെ വിജയം കൂടിയാണ്. കൊറോണ രോഗം വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാര്‍ ഏറുകയും ചെയ്ത സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ നിര്‍മ്മാണം പല മടങ്ങായി വര്‍ദ്ധിപ്പിച്ച്‌ ജനങ്ങൾക്ക് ആശ്വാസമാകുവാൻ ഇതുവഴി എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. അടിയന്തര സാഹചര്യത്തില്‍ നാടിനു വേണ്ടി ഒരു പൊതുമേഖലാ സ്ഥാപനത്തിന് എത്ര ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് കെ എസ് ഡി പി.

കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കെ എസ് ഡി പി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കത്തില്‍ രണ്ടായിരം ബോട്ടില്‍ മാത്രമാണ് തയ്യാറാക്കിയത്. കെ എസ് ഡി പി തയ്യാറാക്കിയ സാനിറ്റൈസര്‍ തുടക്കത്തില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (കെ.എം.എസ്.സി.എല്‍) മാത്രമായിരുന്നു നല്‍കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി വിതരണം ചെയ്യാനായിരുന്നു ഇതുപയോഗിച്ചത്. ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങള്‍, കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വനിതാ ശിശുക്ഷേമ വകുപ്പ്, സപ്ലൈകോ തുടങ്ങിയവര്‍ക്കും സാനിറ്റൈസര്‍ നല്‍കി.

കെ എസ് ഡി പിയില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇരുനൂറിലധികം പേര്‍ ജോലി ചെയ്താണ് ഒരു ലക്ഷം സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. മറ്റു മരുന്ന് നിര്‍മ്മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മുഴുവന്‍ ജീവനക്കാരെയും സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് നിയോഗിച്ചിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം നിര്‍മ്മാണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയ സ്വകാര്യ കമ്പനികള്‍ വില വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭ്യമാക്കി.

Wednesday, March 18, 2020

അദ്ദേഹം നമുക്കായി പകർന്ന സാഹോദര്യത്തിൻ്റേയും തുല്യനീതിയുടേയും ആശയങ്ങൾ മുറുകെപ്പിടിക്കുമെന്ന് ഉറപ്പിക്കാം


ധൈഷണികത കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച അതുല്യനായ ചിന്തകൻ, തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നായകൻ, അനീതികൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ്, മത നിരപേക്ഷതയുടെ പതാകാവാഹകൻ, വിശ്വപ്രസിദ്ധമായ കേരള മാതൃകയ്ക്ക് അടിത്തറ പാകിയ ഭരണാധികാരി,  മനുഷ്യനന്മയ്ക്കു  വേണ്ടി ജീവിതം മാറ്റിവച്ച  കറ കളഞ്ഞ മനുഷ്യസ്നേഹി... ഇങ്ങനെ  നിർവചിക്കാനാവാത്ത വ്യക്തിത്വമായിരുന്നു സഖാവ് ഇ.എം.എസിൻ്റേത്. 

സവർണ്ണ ജാതിയിൽ ജനിച്ച ഇ.എം.എസ് സ്വന്തം ജാതിയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തിക്കൊണ്ടാണ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആ പ്രതിഷേധം അധികം താമസിയാതെ  നിലനിന്നിരുന്ന ജാതിഘടനയ്ക്ക്  എതിരെയുള്ള സമരങ്ങളായി വളർന്നു. ദേശീയ പ്രസ്ഥാനത്തിൽ സജീവമായ അദ്ദേഹം ക്രമേണ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും, അവസാനം കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്ന  ചരിത്രപരമായ ദൗത്യത്തിലെത്തിച്ചേരുകയും ചെയ്തു. തുടർന്നങ്ങോട്ടുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ സൃഷ്ടിയാണ്  നമ്മൾ അഭിമാനത്തോടെ പറയുന്ന ഈ ആധുനിക കേരളം. 

വിദ്യഭ്യാസമാകട്ടെ, ആരോഗ്യരംഗമാകട്ടെ,  മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാകട്ടെ,... ഏതിലും ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന,  കേരള മാതൃകയുടെ ശിൽപി ഇ.എം.എസ് ആണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ ഉച്ചനീചത്വത്തിൻ്റെ കെട്ട കാലത്തെ വേരോടെ പിഴുതു കളയുകയായിരുന്നു. യാഥാസ്ഥിതികമായ ഒരു ഫ്യൂഡൽ വ്യവസ്ഥിതിയെ ഉഴുതു മറിച്ച് ആധുനികതയുടെ വിത്തുകൾ പാകുകയായിരുന്നു അദ്ദേഹം ചെയ്തത്. 

യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടാണ് എക്കാലത്തും സഖാവ് ഇ.എം.എസ്  എടുത്തിട്ടുള്ളത്. വർഗീയ രാഷ്ട്രീയത്തിൻ്റെ നിശിതവിമർശകനും മതേതരത്വത്തിൻ്റെ അസാമാന്യ പ്രയോക്താവുമായിരുന്നു അദ്ദേഹം. 

മരണം വരെ അദ്ദേഹത്തിലെ ചിന്തകനും രാഷ്ട്രീയ പ്രവർത്തകനും ഉണർന്നു പ്രവർത്തിച്ചു. ആയിരക്കണക്കിനു പേജുകൾ വരുന്ന അദ്ദേഹത്തിൻ്റെ എഴുത്തുകൾ ചരിത്രവും, രാഷ്ട്രീയവും,  സമ്പദ് ശാസ്ത്രവും, ഭാഷയും, സാഹിത്യവും തുടങ്ങി സർവ മേഖലകളേയും ആഴത്തിൽ പരിശോധിക്കുന്നു. അവ തൊഴിലാളി വർഗ പ്രസ്ഥനങ്ങൾക്ക് മുന്നോട്ടുള്ള വഴിയിൽ വെളിച്ചം വീശിക്കൊണ്ടിരിക്കുന്നു. ഇ എം എസിന്റെ ഇരുപത്തിരണ്ടാം ചരമദിനമായ ഇന്ന് 
ആ വെളിച്ചം നോക്കി വഴി തെറ്റാതെ മുന്നോട്ടു പോകാമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം. അദ്ദേഹം നമുക്കായി പകർന്ന സാഹോദര്യത്തിൻ്റേയും തുല്യനീതിയുടേയും ആശയങ്ങൾ മുറുകെപ്പിടിക്കുമെന്ന് ഉറപ്പിക്കാം.

​​കൊറോണ കാലത്ത് പലതും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.


​​കൊറോണ കാലത്ത് പലതും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. സ്പെയിനിൽ കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു . ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് അവർ അനുഭവത്തിൽ നിന്നും മനസ്സിലാക്കി. നമ്മുടെ നാട്ടിലും തങ്ങളുടെ ആശുപത്രിയിൽ കൊറോണ ബാധിച്ച ആരുമില്ലെന്ന് ചില സ്വകാര്യ ആശുപത്രികൾ പ്രസ്താവന നൽകുമ്പോൾ പരമാവധി രോഗികൾക്ക് ചികിത്സ നൽകാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. അത്യാധുനികമായ ചികിത്സ നൽകുന്നതിന് സ്വകാര്യ സംവിധാനങ്ങൾ ലോകത്ത് മികവ് പുലർത്തുന്നുണ്ടാകും. എന്നാൽ, രോഗം സാമൂഹ്യമായ മാനങ്ങളിലേക്ക് എത്തുമ്പോൾ പൊതു ആരോഗ്യ സംവിധാനത്തിനു മാത്രമേ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുകയുള്ളൂ എന്നാണ് നിലവിലെ സാഹചര്യം നമുക്ക് മനസിലാക്കിത്തരുന്നത്.

ഇന്നലെ ക്യൂബയിൽ നിന്നുള്ള വാർത്ത മാനവരാശിക്കാകെ സന്തോഷം തരുന്ന ഒന്നാണ്. കൊറോണ രോഗികളുള്ളതുകൊണ്ട് ബ്രിട്ടൻ്റെ കപ്പലിന് കരയ്ക്കടുക്കാൻ സൗഹൃദ രാജ്യങ്ങൾ ഒന്നും അനുമതി കൊടുക്കാതിരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഉപരോധം നേരിടുന്ന ക്യൂബയാണ് തങ്ങളുടെ തീരത്ത് കപ്പലടുപ്പിക്കാൻ അനുമതി നൽകിയത്. ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിതെന്ന് പറഞ്ഞ് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് കപ്പലിന് കരക്കടുക്കാൻ അനുമതി നൽകിയിരിക്കുന്നു. 

നമുക്കും മാനവികതക്കായി ഒന്നിക്കാം . മനുഷ്യനുണ്ടെങ്കിലല്ലേ മറ്റെല്ലാമുള്ളു എന്ന മുഖ്യമന്ത്രി സ. പിണറായി വിജയൻ്റെ വാക്കുകൾ മറക്കാതിരിക്കാം.

Tuesday, March 17, 2020

പ്രളയ കാലത്ത് ബാങ്കുകള്‍ നല്‍കിയതിനേക്കാള്‍ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തില്‍ ആവശ്യമുണ്ട്.


കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കി. 

വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വ്വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ മുന്നോട്ടുവെച്ചത്. 

എസ്.എല്‍.ബി.സിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് സമിതി കണ്‍വീനര്‍ അജിത് കൃഷ്ണന്‍ യോഗത്തില്‍ ഉറപ്പു നല്കി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ബാങ്കുകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. എസ്.എല്‍.ബി.യുടെ നിര്‍ദേശങ്ങള്‍ ഉടനെ റിസര്‍വ് ബാങ്കിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അജിത് കൃഷ്ണന്‍ അറിയിച്ചു. 

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് കേരളത്തിലും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചത്. കോവിഡ്-19 എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറെന്‍റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ധാരാളം പേര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സാഹചര്യമൊരുക്കുകയും വേണം. അതുകൊണ്ടാണ് വായ്പ കാര്യത്തില്‍ ബാങ്കുകള്‍ അനുഭാവ സമീപനം എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രളയ കാലത്ത് ബാങ്കുകള്‍ നല്‍കിയതിനേക്കാള്‍ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തില്‍ ആവശ്യമുണ്ട്.

Monday, March 16, 2020

ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.



കോവിഡ് - 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താളമേധാവികള്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായ ധാരണകള്‍:
1.ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.
2.വിദേശത്തേക്ക് പോകുന്നവരെയും സ്ക്രീന്‍ ചെയ്യണം.
3.വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ ധൃതിയുണ്ടാകും. ഇതു കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.
4.പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കൂടുതല്‍ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
5.കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം.
6.കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകണം. വിമാനത്താവളത്തില്‍ ഒരുതരത്തിലുള്ള തിക്കും തിരക്കും ഉണ്ടാകരുത്.
7.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആംബുലന്‍സില്‍ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശ യാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലീസിന്‍റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളില്‍ എത്തിക്കണം.
8.വീടുകളില്‍ ഐസോലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യ വകുപ്പിന്‍റെ സെല്ലില്‍ അറിയിക്കണം.
9.വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് കര്‍ശനമായ നടപടികള്‍ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേര്‍ എത്തുന്നത് തടയണം.
10.വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്‍റൈനില്‍ പോകുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ നല്‍കണം.
11.വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Tuesday, March 10, 2020

ഏതാണ്ടു രണ്ടു വർഷം മുൻപാണ് കാർത്ത്യായനിയമ്മയെ ആദ്യമായി കാണുന്നത്.


ഏതാണ്ടു രണ്ടു വർഷം മുൻപാണ് കാർത്ത്യായനിയമ്മയെ ആദ്യമായി കാണുന്നത്. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കു ജേതാവായ കാർത്ത്യായനിയമ്മയ്ക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു അത്. 96 വയസ്സുണ്ടായിരുന്ന അമ്മയുടെ സാന്നിദ്ധ്യം എല്ലാവർക്കും സന്തോഷവും പ്രചോദനവും നൽകുന്ന ഒന്നായിരുന്നു. ഇന്ന്, ആ അമ്മയെ വീണ്ടും കണ്ടു. രാജ്യത്തെ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയതിനു ശേഷം എന്നെ കാണാൻ വന്നതായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടമാണ് കാർത്ത്യായനിയമ്മ സമ്മാനിച്ചത്. പരീക്ഷയിൽ റാങ്ക് നേടിയതിനു ശേഷം സ്വീകരണവും പരിപാടികളുമൊക്കെയായി പഠനം വേണ്ടത്ര നടക്കുന്നില്ല എന്ന പരിഭവം ഉണ്ട്. അതൊക്കെ നടക്കട്ടെ, പക്ഷേ, പഠനം മുടക്കരുതെന്ന് പറഞ്ഞപ്പോൾ ആവേശത്തോടെ തന്നെ പഠനം തുടരും എന്ന ഉറപ്പു തന്നിട്ടുണ്ട്. ഇതുപോലെ തളരാത്ത മനുഷ്യർ സമ്മാനിക്കുന്ന ഊർജ്ജവും ഉത്സാഹവുമാണ് നമ്മുടെ നാടിനെ മുന്നോട്ട് നയിക്കുന്നത്. കാർത്ത്യായനിയമ്മ മഹത്തായ മാതൃകയാണ്.