Thursday, November 21, 2019

റോയല്‍ തായ് കോണ്‍സൽ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ടുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.


റോയല്‍ തായ് കോണ്‍സൽ ജനറല്‍ നിതിറൂജ് ഫോണിപ്രസേര്‍ട്ടുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

ടൂറിസം, റബ്ബര്‍ മേഖലകളിലുള്ള നിക്ഷേപ സാധ്യതകള്‍ കോണ്‍സല്‍ ജനറല്‍ ആരാഞ്ഞു. തായ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാനുള്ള അക്കാദമിക സൗകര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു. നാളികേരം, റബ്ബര്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. അക്വാകള്‍ച്ചര്‍ മേഖലയിലെ വ്യവസായ സഹകരണ സാധ്യതയും ആരാഞ്ഞു.

കേരളത്തിലുള്ള നിക്ഷേപ സാധ്യതകള്‍ തായ് നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോണ്‍സൽ ജനറല്‍ പറഞ്ഞു.

Wednesday, November 20, 2019

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം.


ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണം. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേർന്നുള്ള കാർഷിക സംസ്‌കൃതിയാണ് നാടിനാവശ്യം.

Saturday, November 16, 2019

​​ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍

​​ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്‌.

സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാര്‍ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്‌. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ 2018 സെപ്‌റ്റംബര്‍ 28 വരെ ശബരിമല സ്‌ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്‌. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന്‌ ശേഷം അത്‌ നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്‌. അതുകൊണ്ട്‌ ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത്‌ അത്‌ നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്‌. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ്‌ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്‌.

Tuesday, November 12, 2019

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി.

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത  ആലത്തൂരിലെ ചിത്രകാരനായ പ്രണവ്  തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി പരീക്ഷാ പരിശീലനത്തിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.

Saturday, November 9, 2019

​​സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന


​​സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന:

ദീർഘകാലമായി നിലനിൽക്കുന്ന അയോധ്യാ തർക്കത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. തർക്കവിഷയമായ 2.77 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ ഒരു ട്രസ്റ്റ് മുഖേന ഹിന്ദു പക്ഷത്തിന് കോടതി കൈമാറിയിരിക്കുന്നു. മുസ്ലിം പള്ളി പണിയാനായി സുന്നി വഖഫ് ബോർഡിന് മറ്റൊരു അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വർഗ്ഗീയ ശക്തികൾ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടുള്ളതും വൻ‌തോതിലുള്ള അക്രമത്തിനും ജീവനാശത്തിനും ഇടയാക്കിയിട്ടുള്ള ഈ തർക്കത്തിന് അന്ത്യം കുറിക്കാനാണ് ഈ ഉത്തരവുവഴി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളത്.

സന്ധിസംഭാഷണങ്ങൾ വഴി ഈ വിഷയം പരിഹരിക്കാൻ കഴിയില്ലെങ്കിൽ അത് കോടതി വിധി വഴി പരിഹരിക്കണം എന്ന നിലപാടാണ് സിപിഐ (എം) എല്ലാക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. വളരെയധികം കലഹങ്ങൾക്ക് വഴിവച്ചിട്ടുള്ള ഈ വിഷയത്തിന് ന്യായവ്യവസ്ഥാപരമായ തീർപ്പ് ഈ വിധി നൽകുന്നുണ്ട് എന്നിരിക്കിലും വിധിക്ക് ആധാരമായ ചില ധാരണകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കോടതി വിധി തന്നെ പറയുന്നത്, 1992 ഡിസംബറിൽ ബാബറി മസ്‌ജിദ് തകർത്തത് നിയമലംഘനമാണ് എന്നാണ്. അതൊരു ക്രിമിനൽ പ്രവർത്തിയും മതനിരപേക്ഷതയ്‌ക്കു മേലുള്ള ആക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസുകൾ ത്വരിതപ്പെടുത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

1991-ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ പ്രസക്തി കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ നിയമം പാലിക്കുകയാണെങ്കിൽ ആരാധനാലയങ്ങളെ സംബന്ധിച്ച് ഇതുപോലെയുള്ള തർക്കങ്ങൾ ഇനിയും ഉയർത്തപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യില്ലെന്ന് ഉറപ്പു വരുത്താൻ കഴിയണം

കോടതി വിധി ഉപയോഗിച്ച് മതസൌഹാർദ്ദത്തെ ഉലയ്‌ക്കുന്ന പ്രകോപനപരമായ പ്രവൃത്തികളിൽ ആരും ഏർപ്പെടരുത് എന്ന് സിപിഐ (എം)  പൊളിറ്റ് ബ്യൂറോ അഭ്യർത്ഥിക്കുന്നു.

Thursday, November 7, 2019

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത്

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് 


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേർന്നു.

Wednesday, November 6, 2019

​​സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്

​​സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സികളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികള്‍  കരസ്ഥമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ഗുണനിലവാരബഹുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.