Wednesday, April 22, 2020

നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.


നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണാ രോഗികളായവരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതല്ല. രോഗം ഭേദമായവരെത്രയുണ്ട്, നിരീക്ഷണത്തിലാരെല്ലാമുണ്ട് തുടങ്ങിയകാര്യങ്ങള്‍ പുറത്തുവിടണം. തബ് ലീഗ്കാരുമായി സമ്പക്കര്‍ത്തിലുണ്ടായവര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. കോഴിക്കോട്ട് രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം വന്നത് തബ്‌ലീഗ് സമ്മേളനത്തിനു പോയവര്‍ക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്തതിനാലാണ്.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാക്കിയത് തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനമാണ്. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തകാര്യമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരില്‍  ഇനിയും ആളുകളെ കണ്ടെത്തിയിട്ടില്ലെന്ന വാർത്ത ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ഇപ്പോഴും കോറൊണ ഭീതി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ആ നിലയ്ക്ക് തബ്‌ലീഗുകാരെ കണ്ടെത്തേണ്ടതുണ്ട്. തബ് ലീഗ് സമ്മേളനത്തില്‍ പോയി രോഗികളായവരെ കുറിച്ച് പറയുമ്പോള്‍ അതിനെ വര്‍ഗ്ഗീയതയാക്കി ചിത്രീകരിച്ച് വായടപ്പിക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രോഗ ബാധിതരായവരെക്കുറിച്ചുള്ള കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നുണ്ട്. പക്ഷേ അതില്‍ തബ്‌ലീഗുസമ്മേളനത്തിനു പോയവരില്ല. ഇന്‍കുബേഷന്‍ സമയം ഒരു മാസം കഴിഞ്ഞവര്‍ക്കുവരെ രോഗം സ്ഥിരീകരിക്കുന്ന നിലയാണിപ്പോഴുള്ളത്. വളരെ ഭീതിതമായ സ്ഥിതിയാണ് മിക്ക ജില്ലകളിലുമുള്ളത്. തബ്‌ലീഗുസമ്മേളനത്തിനുപോയതിനെ തുടര്‍ന്ന് കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ രോഗം മാറിയോ, അവരുടെ ഇപ്പോഴത്തെ സ്ഥിതി എന്തെല്ലാമാണ്, ഇനിയും സമ്മേളനത്തിനു പോയവരെ കണ്ടെത്താനുണ്ടോ തുടങ്ങിയകാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണം. കണ്ടെത്താനാകാത്തവരുടെ ഫോണ്‍ ഓഫാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കേണ്ടതല്ല ഇത്. പിടികൊടുക്കാതെ നടക്കുന്നവര്‍ സമൂഹത്തില്‍ കറങ്ങി നടന്ന് രോഗം പടര്‍ത്താനുള്ള സാഹചര്യമുള്ളപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Saturday, April 11, 2020

രാജ്യത്ത്‌ കോവിഡ് പരിശോധന വൻതോതിൽ വർധിപ്പിച്ചില്ലെങ്കിൽ രോഗദുരിതത്തിനൊപ്പം സാമ്പത്തികത്തകർച്ചയും രൂക്ഷമാകും.


രാജ്യത്ത്‌ കോവിഡ് പരിശോധന വൻതോതിൽ വർധിപ്പിച്ചില്ലെങ്കിൽ രോഗദുരിതത്തിനൊപ്പം സാമ്പത്തികത്തകർച്ചയും രൂക്ഷമാകും. ലോകത്ത്‌ ഏറ്റവും കുറഞ്ഞ തോതിൽ പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. പാകിസ്ഥാൻപോലും പരിശോധനയുടെ കാര്യത്തിൽ ഇന്ത്യയുടെ മുന്നിലാണ്. അടച്ചുപൂട്ടലിൽനിന്ന്‌ പുറത്തുകടക്കാന്‍ കേരളമാതൃകയിലുള്ള  രോഗപ്രതിരോധ നടപടി രാജ്യത്ത്‌ നടപ്പാക്കണം

അടച്ചിടല്‍ മൂന്നാം വാരത്തിലേക്ക്‌ കടക്കുമ്പോഴും 10 ലക്ഷം പേരിൽ 102 എന്ന തോതിലാണ്‌ രാജ്യത്ത്‌ പരിശോധന. രോഗവ്യാപനമേഖല കണ്ടെത്തി പൂര്‍ണമായി അടച്ചിട്ട് മറ്റ്‌ പ്രദേശങ്ങളിലെ നിയന്ത്രണം നീക്കണം. ഘട്ടംഘട്ടമായി അടച്ചുപൂട്ടലിൽനിന്ന്‌ പുറത്തുകടക്കണം. ദക്ഷിണകൊറിയ, ചൈന, സിംഗപ്പുർ, യൂറോപ്പിലെ ചില രാജ്യങ്ങൾ എന്നിവ ഈ രീതിയിലാണ്‌ മഹാമാരിയെ പ്രതിരോധിച്ചത്‌. കേരളവും ഈ പാതയിലാണ്‌ മുന്നേറുന്നത്‌.സംസ്ഥാനങ്ങൾക്ക്‌  അനുവദിച്ച 15,000 കോടി തുച്ഛമാണ്. എംപി ഫണ്ട്‌ നിർത്തിയത്‌ കേന്ദ്രത്തിന്‌ 8,000 കോടിയുടെ ലാഭമായി.  സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം.  പണത്തിന്റെ കുറവ് കേന്ദ്രത്തിനില്ല. കോർപറേറ്റുകൾക്ക്‌ 7.7 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രസർക്കാർ ഇളവ്‌ നൽകിയത്‌.

പൊതു ആരോഗ്യസംവിധാനം ശക്തമാക്കിയാലേ ജീവൻ രക്ഷിക്കാനാകൂ എന്ന്‌ ഇപ്പോൾ എല്ലാവരും സമ്മതിക്കുകയാണ്.  കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ മതിയായ സുരക്ഷാ ഉപകരണം ലഭ്യമാക്കണം. രാജ്യത്ത്‌ പ്രതിദിനം അഞ്ച്‌ ലക്ഷം പിപിഇ വേണ്ടിടത്ത്‌ 12,000 മാത്രമാണ്‌ ലഭിക്കുന്നത്‌. സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി ജനുവരിയിൽ നിരോധിച്ചുവെങ്കിലും പിന്നീട്‌ ഇത്‌ നീക്കിയിരിക്കുകയാണ്. കോവിഡിനെ നേരിടേണ്ടിവരുമെന്ന്‌ ജനുവരിയിലേ അറിയാമായിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇടപെടൽ വളരെ വൈകിയാണ് ആരംഭിച്ചത്.

തബ്‌ലീഗ്‌ സമ്മേളനത്തിന്റെയും കോവിഡിന്റെയും പേരിൽ ഒരു സമുദായത്തെ വേട്ടയാടുന്നത്‌ അംഗീകരിക്കാനാകില്ല. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾക്ക്‌ അനുമതി നൽകിയത്‌ ആരാണ്‌? അവർക്ക് വിമാനത്താവളത്തിൽ പരിശോധനയൊന്നും നടന്നില്ലേ? ഇത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വർഗീയപ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കണം. ഇന്ത്യ ഒറ്റക്കെട്ടായി നടത്തേണ്ടതാണ്‌ കോവിഡിനെതിരായ യുദ്ധം.

Friday, April 10, 2020

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ  3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 8 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Saturday, April 4, 2020

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം.


കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, ചീഫ് വിപ്പ് കെ. രാജന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സന്നിഹിതരായിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

നാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മയാണ് ആവശ്യം. നമ്മള്‍ ഒന്നിച്ച് നിന്ന് കാര്യങ്ങള്‍ ചെയ്യുന്നതാണ് ശക്തി. ഈ പൊതു സ്പിരിറ്റാണ് എല്ലാവര്‍ക്കുമുള്ളത്. ഇത് തുടരാനാകണം. ഇന്നലെവരെ ഉണ്ടായിട്ടില്ലാത്ത ഒരു അവസ്ഥയാണ് നാം നേരിടുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ജനപ്രതിനിതികളുടെ ഇടപെടല്‍ എങ്ങനെയാവണമെന്നത് വളരെ പ്രധാനമാണ്.

1.7 ലക്ഷം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ഇത്തരക്കാര്‍ക്കുണ്ടായേക്കാവുന്ന മാനസിക പ്രയാസം ഒഴിവാക്കാന്‍ കൗണ്‍സിലര്‍മാര്‍ സജ്ജരാണ്. അതിഥി തൊഴിലാളികളുടെ കാര്യത്തിലും നല്ല ശ്രദ്ധ വേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ഉറപ്പാക്കണം. ലോക്ഡൗണ്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന് പ്രധാന മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെയും പട്ടികവര്‍ഗ്ഗകാരുടെയും കാര്യത്തിലും  ശ്രദ്ധ പതിയേണ്ടതുണ്ട്.

കമ്മ്യൂണിറ്റി കിച്ചന്‍റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ അനുവദിക്കണ്ടതില്ല. അര്‍ഹരായവര്‍ക്കു മാത്രമേ ഇതിലൂടെ ഭക്ഷണം നല്‍കേണ്ടതുള്ളൂ. തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ എം.എല്‍.എമാര്‍ ശ്രദ്ധിക്കണം.

ശാരീരിക അകലം- സാമൂഹിക ഒരുമ എന്ന നമ്മുടെ മുദ്രാവാക്യം പൊതുവെ ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആദ്യം മാതൃക കാണിക്കേണ്ടത് ജനപ്രതിനിധികളായ നമ്മളാണ്. മാസ്ക് ധരിക്കുക പ്രധാനമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനാകണം. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള ജാഗ്രത കാണിക്കണം.

കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും വിധേയമായവര്‍ എന്നിവര്‍ക്ക് മരുന്ന് ലഭ്യത ഉറപ്പാക്കണം. മണ്ഡലത്തില്‍ ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ സഹായം ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് സാധിക്കണം. സാമൂഹിക സന്നദ്ധ സേനയില്‍ 2.38 ലക്ഷം വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

വേനല്‍കാലമായതിനാല്‍ കുടിവെള്ള പ്രശ്നം പലയിടത്തും രൂക്ഷമാണ്. വെള്ളം ദുരുപയോഗിക്കരുത്. പുനരുപയോഗവും ശീലിക്കണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാകണം. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും രോഗബാധയുണ്ടാവാതെ ശ്രദ്ധിക്കണം. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകണം. ആവശ്യമായ ശാരീരിക അകലം പാലിച്ച് കാര്‍ഷികവൃത്തി ചെയ്യാന്‍ സഹായകമായ നിലപാട് എം.എല്‍.എമാര്‍ സ്വീകരിക്കണം.

മാലിന്യ സംസ്കരണം ഉറപ്പാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുഗമമായ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കണം. സ്വകാര്യ ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇടപെടണം. റേഷന്‍ വിതരണത്തില്‍ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. പോലീസിനും ഫയര്‍ ഫോഴ്സിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കണം. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇവിടെ അഞ്ചുപേരില്‍ കൂടാന്‍ പാടില്ലെന്ന പൊതുവായ നില സ്വീകരിക്കാന്‍ കഴിയണം. ദൃശ്യങ്ങള്‍ ഓണ്‍ലൈനായി നല്‍കാന്‍ ക്രമീകരണം വരുത്താവുന്നതാണ്.

മനുഷ്യരുടെ യാത്രയ്ക്കു മാത്രമാണ് വിലക്ക്. ഇന്നത്തെ നിലയ്ക്ക് സംസ്ഥാനം വിട്ടുപോകാനും അകത്തുവരാനും ആര്‍ക്കും പറ്റില്ല. ചരക്കുഗതഗതം നടക്കണമെന്നത് രാജ്യം പൊതുവെ അംഗീകരിച്ചതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി കര്‍ണാടകം റോഡില്‍ മണ്ണിട്ട് തടസ്സപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. ലോക്ഡൗണ്‍ കാലത്ത് തൊഴിലും വ്യാപാരവും നടക്കാതെ സമൂഹം പ്രതിസന്ധിയിലാണ്. നാടിനെ തകര്‍ച്ചിയില്ലാതെ നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രാദേശിക ഇടപെടല്‍ എം.എല്‍.എമാരുടെ ഭാഗത്തുനിന്നുണ്ടാകണം.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവ ചെറുക്കാന്‍ മുന്‍പന്തിയിലുണ്ടാകണം. പ്രവാസികള്‍ക്ക് ഭക്ഷണം, ചികിത്സാസൗകര്യം എന്നിവ ഉറപ്പുവരുത്താന്‍ നോര്‍ക്ക വഴി ശ്രമിക്കുന്നുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളെ കുറിച്ച് അവര്‍ ആശങ്കപെടാതിരിക്കാനുള്ള ഇടപെടലുണ്ടാകണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. നല്ല പ്രതികരണമാണ് ഇതിനോട് പൊതുവില്‍ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ എം.എല്‍.എമാരുടെ പിന്തുണ ഉണ്ടാകണം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വാഹനം ലഭ്യമാക്കും. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്ന കാര്യം ധനവകുപ്പുമായി ആലോചിച്ച് പരിശോധിക്കും.  മറ്റ് ക്ഷേമ  ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 1000 രൂപ എത്രയും പെട്ടെന്ന് നല്‍കും.

ഡോ. എം.കെ. മുനീര്‍, എസ്. ശര്‍മ്മ, മാത്യു. ടി തോമസ്, മാണി സി. കാപ്പന്‍, കെ.ബി. ഗണേശ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, 
ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ് തുടങ്ങിയവർ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.