വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ് നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തലവഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു.
നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം. എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻപോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനംമാത്രം നോക്കിയാൽ മനസ്സിലാകും. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനംപോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന് വ്യക്തമാക്കുന്നു. ഈ മസ്ജിദ് മ്യൂസിയമാക്കിയതിനെ കൈയടിച്ചവരുടെ പിൻഗാമികളാണ് ഇപ്പോൾ വിവാദങ്ങൾ ആളിക്കത്തിക്കാൻ നോക്കുന്നതെന്നാണ് ലീഗിന്റെ പക്ഷം.
ഹാഗിയ സോഫിയ വീണ്ടും ആരാധനയ്‌ക്ക് തുറന്നുകൊടുത്തത് ഏകാധിപത്യനിലപാട് അല്ലെന്നും കോടതിയുടെ അനുമതിയോടെയാണെന്നും എഴുതിയ ചന്ദ്രികയും ലീഗും യഥാർഥത്തിൽ ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ ദേവാലയം മ്യൂസിയം ആയിപ്പോലും തുടരാൻ അനുവദിക്കില്ലെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.
മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത് ബോധപൂർവമാണ്. മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയരൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്.
മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക.