വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെക്കുറിച്ച് മതനിരപേക്ഷ പാർടി എന്നവകാശപ്പെടുന്ന കോൺഗ്രസ് മൗനം ദീക്ഷിക്കുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപംകൊള്ളുന്നതെന്ന് വ്യക്തം. ഏതായാലും മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി എതിർത്ത് പ്രസ്താവന ഇറക്കി. ലീഗ് അണികളിൽ ഗണ്യമായ വിഭാഗങ്ങളായ സുന്നി- മുജാഹിദ് പ്രസ്ഥാനങ്ങളും ലീഗിന്റെ നിലപാടിൽ അമർഷമുള്ളവരാണ്.
നട്‌വത്തുൽ മുജാഹിദിന്റെ ഔദ്യോഗിക വാരിക "ശബാബ്' 2020 ജൂൺ 26 ലക്കം രൂക്ഷവിമർശനവുമായി മുസ്ലിംലീഗിനെ ചോദ്യം ചെയ്യുന്നു. അവർ ഉന്നയിച്ചത് മൂന്ന് ചോദ്യമാണ്. ‘ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഇനി നീക്കുപോക്കു നടക്കില്ല എന്നുറപ്പായ പശ്ചാത്തലത്തിൽ "ശൂറ'കൂടി എടുത്ത തീരുമാനമായിരിക്കുമല്ലോ ലീഗുമായി കൈകോർക്കുക എന്നത്. ലീഗ് ഇതിന് പച്ചക്കൊടി കാണിക്കുമ്പോൾ മൂന്ന് ചോദ്യത്തിനെങ്കിലും ലീഗ് നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥമാണ്.'
(1)2009-2010 കാലത്തും അതിനുമുമ്പും ശേഷവും ലീഗ്-ജമാഅത്തെ കൊമ്പുകോർക്കലിൽ ജമാഅത്തെ ഇസ്ലാമിക്കുനേരെ ആരോപിച്ച ഗുരുതരമായ ആരോപണങ്ങൾ മുസ്ലിംലീഗ് നേതൃത്വം പിൻവലിച്ചോ?
(2)ജമാഅത്തെ ഇസ്ലാമി അതിന്റെ അടിസ്ഥാന ആദർശമായ മതരാഷ്ട്രവാദം (ഒ അബ്ദുറഹിമാന്റെ ഭാഷയിൽ തിയോ ഡെമോക്രസി) പ്രയോഗതലത്തിലെന്നപോലെ ആദർശതലത്തിലും താത്വികരംഗത്തും പൂർണമായും ഉപേക്ഷിച്ചു എന്ന് മുസ്ലിംലീഗ് വിശ്വസിക്കുന്നുണ്ടോ?
(3)ബിജെപിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയാൽ മുസ്ലിംലീഗ് യുഡിഎഫിൽ തുടരുമോ പിരിഞ്ഞുപോരുമോ? എന്തുകൊണ്ട്?
സ്വന്തം അണികളിൽ നിന്നുയരുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ലീഗ് നേതൃത്വം വല്ലാതെ വിയർക്കേണ്ടി വരും. ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് മുന്നണിയെ നേരിടാൻ യുഡിഎഫിന്റെ ആത്മവിശ്വാസം ചോർന്നുപോയോ? യുഡിഎഫിന് പരാജയഭീതി ഉണ്ടായതുകൊണ്ടല്ലെ പുതിയ ബന്ധുക്കളെ അന്വേഷിക്കുന്നത്?
No comments:
Post a Comment