പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ് ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന പലസ്‌തീൻകാർക്ക് വാക്‌സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. പലസ്‌തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.
No comments:
Post a Comment