Wednesday, June 23, 2021

നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ശ്യാമപ്രസാദ് മുഖർജി: കെ.സുരേന്ദ്രൻ


കാസർ​ഗോഡ്: നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശനയം, ദേശീയസുരക്ഷ, കാർഷിക-വ്യവസായ രം​ഗങ്ങളോടുള്ള സമീപനം തുടങ്ങി എല്ലാ മേഖലയിലും നെഹ്റു പിന്തുടർന്ന ദേശതാത്പര്യങ്ങൾക്കെതിരായ നിലപാടിനെ മുഖർജി ചോദ്യം ചെയ്തു. 

സ്വാതന്ത്രസമര നായകൻമാരുടെ ആ​ഗ്രഹങ്ങൾക്ക് അനുസരിച്ചല്ല നെഹ്റു ഇന്ത്യയെ നയിച്ചതെന്നും കാസർ​ഗോഡ് നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് കോൺ​ഗ്രസിന്റെ ഏകഛത്രാധിപത്യം ചോദ്യം ചെയ്തതോടെയാണ് ശ്യാമപ്രസാദ് നെഹ്റുവിന്റെ കണ്ണിലെ കരടായി മാറുന്നത്. ആർട്ടിക്കിൾ 370 എടുത്തുകളയാൻ അദ്ദേഹം ആവശ്യപ്പെട്ടു. സംഘത്തിന്റെ സഹായത്തോടെ ജനസംഘം രൂപീകരിച്ച മുഖർജി കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ പോരാടി. കാശ്മീരിർ ജയിലിൽ കിടന്ന് അദ്ദേഹം മരിച്ചപ്പോൾ ജനസംഘം തീർന്നെന്ന് പലരും വിധി എഴുതി. എന്നാൽ ഇന്ന് ആ പ്രസ്ഥാനം ലോകത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായി മാറി. 

ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടത് കൊണ്ടാണ് ജനസംഘത്തെ തകർക്കാൻ കോൺ​ഗ്രസിന് കഴിയാതിരുന്നത്. രാജീവ് ​ഗാന്ധിയും മൻമോഹൻ സിം​ഗും അടക്കമുള്ള കോൺ​ഗ്രസ് പ്രധാനമന്ത്രിമാർ നെഹ്റുവിയൻ ചിന്താ​ഗതിയിലൂടെ ഇന്ത്യൻ ദേശീയചിന്താധാരയ്ക്ക് വിപരീതമായാണ് പ്രവർത്തിച്ചത്. ഇതിന് കൃത്യമായ ബദൽ കൊണ്ടു വരാൻ സാധിച്ചതാണ് ബിജെപിയുടെ വിജയമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺ​ഗ്രസിന്റെ സാമ്പത്തിക നയത്തിൽ നിന്നും ബിജെപിയെ മാറ്റി നിർത്തുന്നത് അതിലെ മാനുഷിക പരി​ഗണനയാണ്. ഉദാരവത്ക്കരണ നയങ്ങളിലും ദേശീയതാത്പര്യം സംരക്ഷിക്കാനും അവസാനത്തെ പൗരന് വരെ ​ഗുണം എത്തിക്കാനും ബിജെപിയുടെ ആശയത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment