Friday, September 3, 2021

കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു.


 കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു. 1988-ൽ ‘കേരളം - മണ്ണും മനുഷ്യനും’ എഴുതുന്നതിനുവേണ്ടി ഒരു ജിയോഗ്രഫി പാഠപുസ്തകം അന്വേഷിച്ചിട്ടു കിട്ടിയില്ലായെന്നത് ഓർക്കുന്നു.

1979-ലാണ് ബംഗാളിയായ ശ്രീകുമാർ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ഗവേഷകനായി ചേർന്നത്. കേരളത്തിന്റെ റിസോഴ്സ് അറ്റ്ലസ് എന്ന പ്രോജക്ടിലാണു തുടക്കം. അന്നു മുതൽ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ഇത്തരമൊരു ഗ്രന്ഥം. റിസോഴ്സ് അനാലിസിസ് ഡിവിഷൻ ചീഫ് ഡോ. എൻ.ജി.കെ നായർ ഇതിനു ശ്രീകുമാറിനെ ചുമതലപ്പെടുത്തിയെങ്കിലും കാര്യം നടന്നില്ല. 34 വർഷത്തെ സേവനത്തിനുശേഷം 2013-ൽ റിട്ടയർമെന്റിനുശേഷമാണ് ഈ ദൗത്യം സജീവമായി ഏറ്റെടുത്തത്. അത്രയും നാൾ കേരളത്തിന്റെ ഭൂമിശാസ്ത്രം സംബന്ധിച്ചു പഠിച്ചതു മുഴുവൻ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. 

ആദ്യത്തെ നാല് അധ്യായങ്ങൾ കേരളത്തിന്റെ ഭൂപ്രകൃതിയെയും സ്ഥലജലവിഭവങ്ങളെയും കുറിച്ചാണ്. പിന്നീടുള്ള ആറ് അധ്യായങ്ങൾ ഓരോ വികസനമേഖലയെയും ഭൂപ്രകൃതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു. അവസാനത്തെ മൂന്ന് അധ്യായങ്ങളിൽ മനുഷ്യ ഇടപെടലിന്റെ പ്രത്യാഘാതങ്ങളുടെ അവലോകനമാണ്. ദുരന്തവും മാറുന്ന ഭൂപ്രകൃതിയും ചർച്ചാവിഷയമാകുന്നു. ഒരു അധ്യായം വികേന്ദ്രീകൃതാസൂത്രണത്തിന് മാറ്റിവച്ചിട്ടുണ്ട്. വിഭവഭൂപട നിർമ്മാണം, സ്ഥാനമാനാസൂത്രണം തുടങ്ങിയവ ഇവിടെ ചർച്ച ചെയ്യുന്നു.

വികേന്ദ്രീകൃതാസൂത്രണത്തിനു പിന്നിൽ പ്രവൃത്തിച്ച ഒരുപറ്റം ഭൂവിജ്ഞാനീയ പണ്ഡിതൻമാരുണ്ട്. വിഭവഭൂപട നിർമ്മാണവുമായി ബന്ധപ്പെട്ട് അക്കാദമിക് പാണ്ഡിത്യ ലോകത്തുനിന്നും ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി പ്രവർത്തിച്ചവരാണ് ഇവർ. അവരിൽ പ്രമുഖനാണ് ശ്രീകുമാർ ചതോപധ്യായ. 100-ൽപ്പരം ഗവേഷണ പ്രബന്ധങ്ങളും എഡിറ്റ് ചെയ്തതടക്കം 8 ഗ്രന്ഥങ്ങളും 40-ലേറെ ഗവേഷണ പ്രോജക്ടുകളും അദ്ദേഹം പൂർത്തീകരിച്ചിട്ടുണ്ട്. അതോടൊപ്പം നാട്ടിൻപുറത്ത് വികേന്ദ്രീകൃതാസൂത്രണത്തിലും സജീവമായിരുന്നു. അതുകൊണ്ട് അത്യധികം സന്തോഷത്തോടെയാണ് ജിയോഗ്രഫി ഓഫ് കേരള പ്രകാശിപ്പിച്ചത്.

No comments:

Post a Comment