Monday, August 31, 2020

​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്.


​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിത്. തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ്സ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട്പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. ഈ സംഭവം ജനങ്ങളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ പിന്തുണയും കൊടുത്ത് കൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകൾ നടത്തുന്നത് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ്. വെളുത്ത ഖദറിനുള്ളിൽ ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണവർ.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ്സ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. സ്വന്തം മുന്നണിയിൽപോലും ഐക്യമില്ലാതാകുകയും രാഷ്ട്രീയ അസ്തിത്വം നഷ്ട്ടപ്പെടുകയും നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയും മാത്രമല്ല പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം നിയമസഭയിൽ തുറന്നു കാണിക്കുകയും ചെയ്തതോടെ നിരാശരാവുകയായിരുന്നു കോൺഗ്രസ്സ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെതിരായി കെട്ടിപൊക്കിയ എല്ലാ നുണപ്രചരണങ്ങളും ചീറ്റിപോവുകയും സ്വയം അപഹാസ്യരാവുകയും ചെയ്തതോടെ വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ് കോൺഗ്രസ്സ് നേതൃത്വം. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ
സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണം. ആശയങ്ങൾ തോൽക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം നിങ്ങളോട് കണക്കുചോദിക്കുക തന്നെ ചെയ്യും.
 
ക്രൂരമായി കൊലചെയ്യപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

-സ. എ വിജയരാഘവൻ
(ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ)

No comments:

Post a Comment