Thursday, August 20, 2020

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും


കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളും അണിനിരന്നിരിക്കുകയാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുകയാണെങ്കിലും കേരളത്തിൽ എൽഡിഎഫിനെതിരെ അവർ യോജിപ്പോടെ നീങ്ങുന്നു. സർക്കാരിനെതിരെ ഒരു കള്ളക്കഥ പലതവണ ആവർത്തിക്കുകമാത്രമല്ല, പല കള്ളക്കഥകൾ ഒരുമിച്ച്‌ പ്രചരിപ്പിച്ചും ആവർത്തിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കോവിഡ്‌‐19 വ്യാപനത്തെ തടയാനെടുക്കുന്ന നടപടികളുടെ ഫലമായി പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും ജനറൽ ബോഡി യോഗങ്ങളോ പ്രകടനങ്ങളോ പൊതുസമ്മേളനങ്ങളോ നടത്താനാകുന്നില്ല. ഈ പരിമിതി കണക്കിലെടുത്ത്‌ യുഡിഎഫും ബിജെപിയും വലതുപക്ഷ സ്വഭാവമുള്ള അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളും സർക്കാരിനെതിരെ വിഷലിപ്‌തമായ കള്ളപ്രചാരവേലകൾ സംഘടിപ്പിക്കുകയാണ്‌. നാടനും വിദേശീയവുമായ കോർപറേറ്റുകളുടെ വമ്പിച്ച ധനവും ഇവർക്ക്‌ തുണയായുണ്ട്‌. വലതുപക്ഷശക്തികളുടെ ഈ നീക്കങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എന്നെല്ലാം ഇടതുപക്ഷ പ്രസ്ഥാനം കരുത്താർജിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബൂർഷ്വ-ഭൂപ്രഭു വർഗത്തിന്റെയും അത്തരം രാഷ്ട്രീയകക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന്‌ അപവാദപ്രചാരണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. കേരളത്തിൽ പരാജയപ്പെടുത്തിയാൽ ഇന്ത്യയിലാകെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു.
 
കരുത്താർജിക്കാൻ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങളെ അവർ ഭയപ്പെടുന്നു. കാരണം, ഇടതുപക്ഷമാണ്‌ മുതലാളിത്തവികസനത്തെയും നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളെയും വിട്ടുവീഴ്‌ചയില്ലാതെ എതിർക്കുന്നത്‌. മതനിരപേക്ഷ നിലപാടുകളും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നത്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിത സഖ്യശക്തിയായി ഇന്ത്യയെ മാറ്റുന്നതിനെയും ഇടതുപക്ഷം ചോദ്യംചെയ്യുന്നു. ഇക്കാര്യങ്ങളിൽ ബിജെപിയും കോൺഗ്രസും ലീഗ്‌ നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും കോർപറേറ്റുകളും ഇടതുപക്ഷ നിലപാടുകളെ എതിർക്കുന്നവരാണ്‌.

നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളല്ല മറിച്ച്‌ ബദൽ സാമ്പത്തികനയങ്ങൾ നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലുകൊല്ലമായി ശ്രമിക്കുന്നത്‌. നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾക്ക്‌ ബദലുണ്ടെന്നും അവ നടപ്പാക്കുകവഴി വികസനവും ജനക്ഷേമവും നേടാനാകുമെന്നും കേരളം തെളിയിച്ചു. നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളല്ലാതെ മറ്റൊരു ബദലില്ലെന്ന വലതുപക്ഷത്തിന്റെ വാദം പൊളിഞ്ഞു. കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളും അവയുടെ വിജയവും ഇന്ത്യയിലെയും വിദേശങ്ങളിലെയും കോർപറേറ്റുകളെയും അവരുടെ ദല്ലാളുകളായ ബിജെപിയെയും കോൺഗ്രസിനെയും വലതുപക്ഷ മാധ്യമങ്ങളെയും അങ്കലാപ്പിലാക്കി. നവഉദാരവൽക്കരണത്തിന്‌ ബദലുണ്ടെന്നത്‌ അവർക്ക്‌ സഹിക്കാനാകുന്ന കാര്യമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരെ വലതുപക്ഷശക്തികൾ ഒത്തുചേർന്ന്‌ കലിതുള്ളി അഴിഞ്ഞാടുന്നത്‌ ഇക്കാരണത്താലാണ്‌.

No comments:

Post a Comment