Monday, November 30, 2020

ഒക്‌ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുകയാണ്.


ഒക്‌ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത്  പ്രവർത്തനം ആരംഭിക്കുകയാണ്. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും സാംസ്കാരിക- രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നഗരമായ കൊല്ലത്താണ്, സംസ്ഥാനംമുഴുവൻ പ്രവർത്തനപരിധിയുള്ള ഈ സർവകലാശാലയുടെ ആസ്ഥാനം ഉയരാൻ പോകുന്നത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ വലിയൊരു കുതിച്ചുചാട്ടമാണ് ഓപ്പൺ സർവകലാശാലയിലൂടെ സംഭവിക്കുക.  വിവിധ പ്രായത്തിലുള്ള ആളുകൾക്ക് പരമ്പരാഗതവും നൂതനവുമായ കോഴ്സുകൾ പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ലഭ്യമാകും. മെഡിസിനും എൻജിനിയറിങ്ങും ഒഴികെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ സർവകലാശാലയിൽ ലഭ്യമാകും. പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും പുതിയ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും നിരന്തരമായി അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും മുന്നിൽ സാധ്യതകളുടെ പുതിയ ലോകം തുറക്കുകയാണ്.

കേരള നവോത്ഥാനത്തിന്റെ പിതാവും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവുമായ ഗുരുവിന്റെ ആദർശങ്ങളുടെ സാക്ഷാൽക്കാരംകൂടിയാണ് സർവകലാശാല. കേരളത്തിലെ ഏറ്റവും പൗരാണികമായ നഗരങ്ങളിലൊന്നായ കൊല്ലത്ത് ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രധാന സ്ഥാപനങ്ങളില്ല എന്ന കുറവുകൂടി ഓപ്പൺ സർവകലാശാലയുടെ വരവോടെ പരിഹരിക്കപ്പെടുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11ൽ 11 സീറ്റും നൽകി ഇടതുപക്ഷത്തിന് ഉജ്വല വിജയം സമ്മാനിച്ച കൊല്ലം ജില്ലയിൽ,  സത്യപ്രതിജ്ഞയ്ക്കുശേഷം പങ്കെടുത്ത സ്വീകരണയോഗത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ നൽകിയ വാഗ്ദാനംകൂടിയാണ് പാലിക്കപ്പെടുന്നത്. അന്ന് കൊല്ലം പൗരാവലിക്കുവേണ്ടി ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച പ്രധാന ആവശ്യം, ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്ന് കൊല്ലത്ത് തുടങ്ങണം എന്നതായിരുന്നു. സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രധാന പ്രമേയവും ഇതായിരുന്നു. എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും വിദ്യാഭ്യാസ വിദഗ്ധന്മാരും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതൊക്കെക്കൂടി പരിഗണിച്ചാണ് പുതുതായി തുടങ്ങുന്ന സർവകലാശാലയുടെ ആസ്ഥാനമായി കൊല്ലത്തെ തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറായത്. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള സർവകലാശാല ചരിത്രമുറങ്ങുന്ന ദേശിംഗനാടിനുള്ള ഏറ്റവും ഉചിതമായ ബഹുമതിയാണ്.

വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ, സംഘടനകൊണ്ട് ശക്തരാകുവിൻ എന്നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദർശനത്തിന്റെ തുടർച്ചയാണ് വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നത്. ആ മഹത്തായ ദർശനത്തിന്റെ പ്രസ്ഥാന രൂപമായി സർവകലാശാല മാറുകതന്നെ ചെയ്യും.

No comments:

Post a Comment