കേരളത്തിൽ സമഗ്രമായ സാമൂഹ്യമാറ്റത്തിനുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയത് ഇടതുപക്ഷ സർക്കാരുകളാണ്. കാർഷിക ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങി ഓരോ കാലത്തും അത് കൂടുതൽ വിപുലമാക്കപ്പെട്ടു. നവീനമായ ശാസ്‌ത്രനേട്ടങ്ങളെ സാധാരണക്കാരന് പ്രാപ്‌തമാക്കുന്ന വികസനമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. കേരളം നേടിയെടുത്ത നേട്ടങ്ങളെ ഗുണപരമായ പരിവർത്തനത്തിന് വിധേയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കരണം ആ ദിശയിലുള്ളതാണ്. വലിയ ജനപിന്തുണയാണ് എൽഡിഎഫ് സർക്കാരിന് ലഭിക്കുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ച് അചിന്തനീയമായ കാര്യമാണിത്.
വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ സാധാരണക്കാരുടെ സാമൂഹ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഉന്നമനത്തിനും സഹായിക്കുന്ന രീതിയിൽ തദ്ദേശസ്ഥാപനങ്ങൾ മാറിയത് ഇടതുപക്ഷ ഭരണത്തിലാണ്. പ്രതിവർഷം 40,000 കോടിയോളം രൂപ വ്യത്യസ്ത പദ്ധതികളിലൂടെ നൽകുന്നുണ്ട്. സ്വതന്ത്രമായി പഞ്ചായത്തുകൾക്ക് വിഭവസമാഹരണം നടത്താം. ഇത് കേരളത്തിന്റെമാത്രം പ്രത്യേകതയാണ്.
യുഡിഎഫിന്റെ രാഷ്‌ട്രീയ തകർച്ചയിലേക്കുതന്നെ കാര്യങ്ങൾ നീങ്ങുകയാണ്. കേന്ദ്ര അധികാരത്തിന്റെ തണലിൽ വളരാൻ ആഗ്രഹിക്കുന്ന ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയാതെ പോകുന്നത് ജനങ്ങൾക്ക് എല്ലാ മേഖലയിലും കരുതലായി പ്രവർത്തിക്കുന്ന സർക്കാർ ഇവിടെ ഉള്ളതുകൊണ്ടാണ്.
No comments:
Post a Comment