Monday, August 9, 2021

ജനാധിപത്യംതന്നെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുന്നതിന് പാർലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. - സ.എ വിജയരാഘവൻ

മോഡിസർക്കാർ ഇത്‌ പതിവാക്കിയിരിക്കയാണ്.

നിയമനിർമാണം അവധാനതയോടെ നടത്തേണ്ടതാണ്. ബില്ലുകളുടെ എല്ലാവശവും വിശദമായി പരിശോധിക്കുന്നതിന് പാർലമെന്റിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടുന്നത്. കേരള നിയമസഭയിലാണെങ്കിൽ ഈ ധർമം നിർവഹിക്കുന്നത് സബ്ജക്ട് കമ്മിറ്റികളാണ്. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി പാർലമെന്റിൽ നടന്നുവന്നിരുന്നു. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശുപാർശ പാർലമെന്റ് പരിശോധിച്ചശേഷമാണ് ബില്ലുകൾ പാസാക്കുന്നത്. ചില ശുപാർശകൾ സ്വീകരിക്കും; ചിലത്‌ തള്ളും. നിയമനിർമാണം അർഥവത്താക്കുന്നതിന് പാർലമെന്റിനെ സഹായിക്കുകയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യുന്നത്. എന്നാൽ, മോഡി സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റികളെ അപ്രസക്തമാക്കി. ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടുന്നേയില്ല. കാർഷിക ബില്ലുകളും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ലും പൗരത്വനിയമ ഭേദഗതി ബില്ലുമൊന്നും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിട്ടില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന ധിക്കാരത്തിലാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും ഒഴിവാക്കുന്നതിന് പല ബില്ലും മണി ബില്ലായി അവതരിപ്പിക്കുന്നു. ആധാർനിയമം കൊണ്ടുവന്നത് അങ്ങനെയാണ്. ധന ബില്ലിൽ ധനവുമായി ബന്ധമില്ലാത്തവ ഉൾപ്പെടുത്തുന്നു. ഭരണഘടന പ്രകാരം രാജ്യസഭയ്ക്കുള്ള അവകാശമാണ് ഈ രീതിയിൽ ഹനിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് മൂന്ന് കാർഷിക ബിൽ രാജ്യസഭയിൽ പാസായെന്ന് ഉപാധ്യക്ഷൻ പ്രഖ്യാപിച്ചത്. 2020 സെപ്തംബർ 20നു രാജ്യസഭയിൽ നടന്ന കാര്യങ്ങൾ ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന് തീരാകളങ്കമാണുണ്ടാക്കിയത്. കാർഷിക വിപണി കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഒരു ബില്ലിൽ സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും അധ്യക്ഷൻ അനുവദിച്ചില്ല. ഒരംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ പോലും നടത്തണമെന്നാണ് ചട്ടം. ഇതൊക്കെ കാറ്റിൽപ്പറത്തി അംഗങ്ങളെ സസ്പെൻഡ്‌ ചെയ്യുന്നതും സാധാരണമായിരിക്കുന്നു. പ്രതിപക്ഷശബ്ദം അടിച്ചമർത്തി സർക്കാരിന് ഇഷ്ടമുള്ള നിയമങ്ങൾ പാർലമെന്റിൽ ചുട്ടെടുക്കുകയാണ്. ലോക്‌സഭയെയും രാജ്യസഭയെയും റബർ സ്റ്റാമ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പാർലമെന്റിൽ പെഗാസസ് ചാരവൃത്തി മാത്രമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് വരുത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതും കർഷകസമരവും ജനജീവിതവുമായി ബന്ധപ്പെട്ട അടിയന്തരപ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഒരു വിഷയത്തിലും ചർച്ചയ്‌ക്ക് സർക്കാർ ഒരുക്കമല്ല. പെഗാസസ് വിഷയത്തിൽ പ്രതിക്കൂട്ടിലായപ്പോൾ കർഷകസമരം ചർച്ച ചെയ്യാമെന്നാണ് പറയുന്നത്. പെഗാസസിന്റെ തുടർച്ചയായി കർഷകസമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന ശരിയായ നിലപാടാണ് പ്രതിപക്ഷം കൂട്ടായി എടുത്തിട്ടുള്ളത്.

കോവിഡ് മഹാമാരിയുടെ പേരിലാണ് പാർലമെന്റ് അംഗങ്ങളുടെ പല അവകാശവും സർക്കാർ നിഷേധിക്കുന്നത്. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഉത്തരവാദിത്തമാണ് പാർലമെന്റിൽ നിർവഹിക്കുന്നത്. സർക്കാരിനുവേണ്ടി നിയമനിർമാണങ്ങൾക്കായി സഭ സമയം കണ്ടെത്തുന്നു. അതോടൊപ്പം സർക്കാർ പ്രവർത്തനങ്ങളെ സംബന്ധിച്ച് അംഗങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവരാന്വേഷണം നടത്താനുള്ള ചോദ്യോത്തരവേളയുമുണ്ട്. എന്നാൽ, കോവിഡിന്റെ മറവിൽ ചോദ്യോത്തരവേളതന്നെ കഴിഞ്ഞവർഷം സർക്കാർ മാറ്റിവച്ചു. വിവിധ ജനകീയ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരങ്ങളുള്ള പാർലമെന്റിൽ അത്തരം ചർച്ചകൾക്കായി സമയം നീക്കിവയ്‌ക്കാനും ബിജെപി സർക്കാർ സന്നദ്ധമാകുന്നില്ല. സർക്കാരിനുമേൽ പാർലമെന്റിന്റെ നിയന്ത്രണവും മേൽനോട്ടവും ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉള്ളതാണ് നമ്മുടെ ഭരണഘടന. ചോദ്യോത്തരം ഇല്ലാതാകുമ്പോൾ ഭരണഘടന വിഭാവനംചെയ്ത മേൽനോട്ടവും നിയന്ത്രണവും ദുർബലമാകുകയാണ്. സ്വകാര്യ ബില്ലുകൾ, അനൗദ്യോഗിക പ്രമേയങ്ങൾ എന്നിവയും അംഗങ്ങളുടെ പ്രധാനപ്പെട്ട അവകാശങ്ങളാണ്. കോവിഡിന്റെ പേരിൽ ഈ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമവും നടന്നു.

തികച്ചും ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ടുപോകുന്നത്. ജനാധിപത്യത്തോട് സംഘപരിവാറിനുള്ള അലർജി അവരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഇറ്റലിയിലെ ഫാസിസ്റ്റുകളെയും ജർമനിയിലെ നാസികളെയും ആരാധനയോടെ കണ്ട പ്രസ്ഥാനത്തിന്റെ പ്രതിനിധികളിൽനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. സിപിഐ എമ്മിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങൾ കുറവാണെങ്കിലും പാർലമെന്ററി ജനാധിപത്യം തകർക്കാനുള്ള എല്ലാ നീക്കത്തെയും പാർടി ശക്തമായി എതിർക്കുന്നുണ്ട്. ജനാധിപത്യംതന്നെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുന്നതിന് പാർലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

No comments:

Post a Comment