സ്നേഹയ്ക്ക് ഒരു വീടായി. സ്നേഹയ്ക്ക് ഒരു വീട് നൽകും എന്ന് പറഞ്ഞപ്പോൾ അതിത്ര എളുപ്പമായിരിക്കും എന്ന് കരുതിയില്ല. ആ കുട്ടിയും അവരുടെ സ്‌കൂളും പൊളിഞ്ഞ വീടുമെല്ലാം അത്രയേറെ നമ്മുടെയെല്ലാം മനസ്സിൽ ഇടം പിടിച്ചിരുന്നു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വർഷം ആണല്ലോ, അന്നത്തെ റിസോർഴ്‌സ് പേഴ്‌സൺമാരുടെ വാട്സാപ്പ് കൂട്ടായ്മക്ക് എട്ടുലക്ഷം രൂപ പിരിക്കുന്നതിന് വലിയ പരിശ്രമം വേണ്ടി വന്നില്ല. ജനകീയാസൂത്രണത്തിന്റെ മികവുകളിൽ ഒന്ന് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വന്ന മാറ്റംആണ് . അത് കൊണ്ട് കൂടിയാവാം ഇങ്ങനെ ഒരു ഉപഹാരം നൽകുന്നതിന് അവർ സ്വമേധയാ മുന്നോട്ടു വന്നത്.
നമ്മുടെ പൊതുവിദ്യാഭ്യാസത്തിന് വന്ന ഭാവപ്പകർച്ചയുടെ നല്ലൊരു ഉദാഹരണം ആണ് സ്നേഹ .അവളുടെ കവിത അനുഭവത്തിൽ നിന്നാണ് . അതിൽ പ്രതിഫലിക്കുന്നത് പ്രതിസന്ധികളെ മറികടക്കാൻ കഴിയും എന്നുള്ള പ്രത്യാശയാണ് . അലങ്കാരങ്ങളോ വളച്ചു കെട്ടലുകളോ ഇല്ല , നേരിട്ട് സംവദിക്കുന്നു . സ്നേഹ ഒറ്റപ്പെട്ട കുട്ടിയല്ല . കഴിഞ്ഞ ബഡ്ജറ്റിലെ എല്ലാ കവിതകളും ചിത്രങ്ങളും കുട്ടികളുടേതാണ്. സ്‌കൂൾ വിക്കിയിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി, നമ്മുടെ വിദ്യാലയങ്ങളിലെ സർഗ്ഗാത്മകത പൂത്തുലയുന്നത് കാണാം. എനിക്ക് ഉപഹാരമായി നൽകിയത് അവിടെ പ്രകാശനം ചെയ്ത പാലക്കാട്ടെ കുട്ടികളുടെ ഒരു കവിത സമാഹാരം ആയിരുന്നു .
കുറച്ചു ദിവസങ്ങളായി പത്രക്കാർ ചോദിക്കുന്നുണ്ടായിരുന്നു . വീടിനെന്താ പേര് ? വീടിനു പേര് ഇട്ടിട്ടില്ല എന്നായിരുന്നു സ്നേഹയുടെ മറുപടി , എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി . സ്‌നേഹവീട് എന്നാണ് ഞാൻ ഇട്ട പേര് . 'അമ്മ പാല് കാച്ചി , മുറ്റത്ത് ഞാനൊരു പ്ലാവും നട്ടു.
സ്നേഹ ഇപ്പോൾ ഒരു മിനി സെലിബ്രിറ്റി ആണ് . പുതിയ വീടിന്റെ ഷെൽഫിൽ അവൾക്ക് കിട്ടിയ ഉപഹാരങ്ങൾ നിരന്നിരിക്കുന്നുണ്ട്. യോഗത്തിൽ പ്രസംഗിച്ചപ്പോൾ കൊച്ചു പ്രാസംഗിക കൂടി ആയിട്ടുണ്ട് എന്നെനിക്ക് തോന്നി. എത്ര കൃത്യമായിട്ടാണ് സ്നേഹ കാര്യങ്ങൾ വിശദീകരിച്ചത്.
1 . തന്റെ പുതിയ സ്‌കൂളിനെ കുറിച്ച് - കൂട്ടത്തിൽ എം എൽ എ യെയും പരാമർശിച്ചു . കവിതയെടുത്ത് സ്‌കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്ത ടീച്ചറുടെ പേരും പറയാൻ മറന്നില്ല
2. ഇതിനുള്ള പണം സമാഹരിച്ച ജനകീയാസൂത്രണ കൂട്ടായ്മയെ കുറിച്ച് - യോഗത്തിൽ അധ്യക്ഷത വഹിച്ച സി പി ഐ എം ഏരിയ സെക്രട്ടറി അബ്ദു റഹിമാൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ബ്ലോക്ക് കോഡിനേറ്റർ .
3. വീട് ഇത്ര നന്നായി നിർമ്മിച്ച ഐ ആർ ടി സി യെയും അവിടുത്തെ പ്രവർത്തകരെയും കുറിച്ച് -
രണ്ടു കാര്യമാണ് സ്നേഹയോട് ഞാൻ പറഞ്ഞത് . ഇപ്പോൾ ഒൻപതാം ക്ലാസ്സിലാണ് . പതതാം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ട് എന്നെ വീട്ടിലേക്കു ക്ഷണിക്കണം. കവിതയെഴുത്ത് തുടരണം.

No comments:
Post a Comment