സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടെ പ്രസ്‌താവന:
ദീർഘകാലമായി നിലനിൽക്കുന്ന അയോധ്യാ തർക്കത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. തർക്കവിഷയമായ 2.77 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ ഒരു ട്രസ്റ്റ് മുഖേന ഹിന്ദു പക്ഷത്തിന് കോടതി കൈമാറിയിരിക്കുന്നു. മുസ്ലിം പള്ളി പണിയാനായി സുന്നി വഖഫ് ബോർഡിന് മറ്റൊരു അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വർഗ്ഗീയ ശക്തികൾ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടുള്ളതും വൻതോതിലുള്ള അക്രമത്തിനും ജീവനാശത്തിനും ഇടയാക്കിയിട്ടുള്ള ഈ തർക്കത്തിന് അന്ത്യം കുറിക്കാനാണ് ഈ ഉത്തരവുവഴി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളത്.
സന്ധിസംഭാഷണങ്ങൾ വഴി ഈ വിഷയം പരിഹരിക്കാൻ കഴിയില്ലെങ്കിൽ അത് കോടതി വിധി വഴി പരിഹരിക്കണം എന്ന നിലപാടാണ് സിപിഐ (എം) എല്ലാക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. വളരെയധികം കലഹങ്ങൾക്ക് വഴിവച്ചിട്ടുള്ള ഈ വിഷയത്തിന് ന്യായവ്യവസ്ഥാപരമായ തീർപ്പ് ഈ വിധി നൽകുന്നുണ്ട് എന്നിരിക്കിലും വിധിക്ക് ആധാരമായ ചില ധാരണകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കോടതി വിധി തന്നെ പറയുന്നത്, 1992 ഡിസംബറിൽ ബാബറി മസ്‌ജിദ് തകർത്തത് നിയമലംഘനമാണ് എന്നാണ്. അതൊരു ക്രിമിനൽ പ്രവർത്തിയും മതനിരപേക്ഷതയ്‌ക്കു മേലുള്ള ആക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസുകൾ ത്വരിതപ്പെടുത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
1991-ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമത്തിന്റെ പ്രസക്തി കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ നിയമം പാലിക്കുകയാണെങ്കിൽ ആരാധനാലയങ്ങളെ സംബന്ധിച്ച് ഇതുപോലെയുള്ള തർക്കങ്ങൾ ഇനിയും ഉയർത്തപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യില്ലെന്ന് ഉറപ്പു വരുത്താൻ കഴിയണം
കോടതി വിധി ഉപയോഗിച്ച് മതസൌഹാർദ്ദത്തെ ഉലയ്‌ക്കുന്ന പ്രകോപനപരമായ പ്രവൃത്തികളിൽ ആരും ഏർപ്പെടരുത് എന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment