Wednesday, March 18, 2020

​​കൊറോണ കാലത്ത് പലതും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.


​​കൊറോണ കാലത്ത് പലതും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. സ്പെയിനിൽ കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു . ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് അവർ അനുഭവത്തിൽ നിന്നും മനസ്സിലാക്കി. നമ്മുടെ നാട്ടിലും തങ്ങളുടെ ആശുപത്രിയിൽ കൊറോണ ബാധിച്ച ആരുമില്ലെന്ന് ചില സ്വകാര്യ ആശുപത്രികൾ പ്രസ്താവന നൽകുമ്പോൾ പരമാവധി രോഗികൾക്ക് ചികിത്സ നൽകാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. അത്യാധുനികമായ ചികിത്സ നൽകുന്നതിന് സ്വകാര്യ സംവിധാനങ്ങൾ ലോകത്ത് മികവ് പുലർത്തുന്നുണ്ടാകും. എന്നാൽ, രോഗം സാമൂഹ്യമായ മാനങ്ങളിലേക്ക് എത്തുമ്പോൾ പൊതു ആരോഗ്യ സംവിധാനത്തിനു മാത്രമേ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുകയുള്ളൂ എന്നാണ് നിലവിലെ സാഹചര്യം നമുക്ക് മനസിലാക്കിത്തരുന്നത്.

ഇന്നലെ ക്യൂബയിൽ നിന്നുള്ള വാർത്ത മാനവരാശിക്കാകെ സന്തോഷം തരുന്ന ഒന്നാണ്. കൊറോണ രോഗികളുള്ളതുകൊണ്ട് ബ്രിട്ടൻ്റെ കപ്പലിന് കരയ്ക്കടുക്കാൻ സൗഹൃദ രാജ്യങ്ങൾ ഒന്നും അനുമതി കൊടുക്കാതിരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഉപരോധം നേരിടുന്ന ക്യൂബയാണ് തങ്ങളുടെ തീരത്ത് കപ്പലടുപ്പിക്കാൻ അനുമതി നൽകിയത്. ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് മനസിലാക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണമിതെന്ന് പറഞ്ഞ് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് കപ്പലിന് കരക്കടുക്കാൻ അനുമതി നൽകിയിരിക്കുന്നു. 

നമുക്കും മാനവികതക്കായി ഒന്നിക്കാം . മനുഷ്യനുണ്ടെങ്കിലല്ലേ മറ്റെല്ലാമുള്ളു എന്ന മുഖ്യമന്ത്രി സ. പിണറായി വിജയൻ്റെ വാക്കുകൾ മറക്കാതിരിക്കാം.

No comments:

Post a Comment