ധൈഷണികത കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച അതുല്യനായ ചിന്തകൻ, തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നായകൻ, അനീതികൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ്, മത നിരപേക്ഷതയുടെ പതാകാവാഹകൻ, വിശ്വപ്രസിദ്ധമായ കേരള മാതൃകയ്ക്ക് അടിത്തറ പാകിയ ഭരണാധികാരി, മനുഷ്യനന്മയ്ക്കു വേണ്ടി ജീവിതം മാറ്റിവച്ച കറ കളഞ്ഞ മനുഷ്യസ്നേഹി... ഇങ്ങനെ നിർവചിക്കാനാവാത്ത വ്യക്തിത്വമായിരുന്നു സഖാവ് ഇ.എം.എസിൻ്റേത്.
സവർണ്ണ ജാതിയിൽ ജനിച്ച ഇ.എം.എസ് സ്വന്തം ജാതിയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തിക്കൊണ്ടാണ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആ പ്രതിഷേധം അധികം താമസിയാതെ നിലനിന്നിരുന്ന ജാതിഘടനയ്ക്ക് എതിരെയുള്ള സമരങ്ങളായി വളർന്നു. ദേശീയ പ്രസ്ഥാനത്തിൽ സജീവമായ അദ്ദേഹം ക്രമേണ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും, അവസാനം കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്ന ചരിത്രപരമായ ദൗത്യത്തിലെത്തിച്ചേരുകയും ചെയ്തു. തുടർന്നങ്ങോട്ടുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ സൃഷ്ടിയാണ് നമ്മൾ അഭിമാനത്തോടെ പറയുന്ന ഈ ആധുനിക കേരളം.
വിദ്യഭ്യാസമാകട്ടെ, ആരോഗ്യരംഗമാകട്ടെ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാകട്ടെ,... ഏതിലും ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന, കേരള മാതൃകയുടെ ശിൽപി ഇ.എം.എസ് ആണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ ഉച്ചനീചത്വത്തിൻ്റെ കെട്ട കാലത്തെ വേരോടെ പിഴുതു കളയുകയായിരുന്നു. യാഥാസ്ഥിതികമായ ഒരു ഫ്യൂഡൽ വ്യവസ്ഥിതിയെ ഉഴുതു മറിച്ച് ആധുനികതയുടെ വിത്തുകൾ പാകുകയായിരുന്നു അദ്ദേഹം ചെയ്തത്.
യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടാണ് എക്കാലത്തും സഖാവ് ഇ.എം.എസ് എടുത്തിട്ടുള്ളത്. വർഗീയ രാഷ്ട്രീയത്തിൻ്റെ നിശിതവിമർശകനും മതേതരത്വത്തിൻ്റെ അസാമാന്യ പ്രയോക്താവുമായിരുന്നു അദ്ദേഹം.
മരണം വരെ അദ്ദേഹത്തിലെ ചിന്തകനും രാഷ്ട്രീയ പ്രവർത്തകനും ഉണർന്നു പ്രവർത്തിച്ചു. ആയിരക്കണക്കിനു പേജുകൾ വരുന്ന അദ്ദേഹത്തിൻ്റെ എഴുത്തുകൾ ചരിത്രവും, രാഷ്ട്രീയവും, സമ്പദ് ശാസ്ത്രവും, ഭാഷയും, സാഹിത്യവും തുടങ്ങി സർവ മേഖലകളേയും ആഴത്തിൽ പരിശോധിക്കുന്നു. അവ തൊഴിലാളി വർഗ പ്രസ്ഥനങ്ങൾക്ക് മുന്നോട്ടുള്ള വഴിയിൽ വെളിച്ചം വീശിക്കൊണ്ടിരിക്കുന്നു. ഇ എം എസിന്റെ ഇരുപത്തിരണ്ടാം ചരമദിനമായ ഇന്ന്
ആ വെളിച്ചം നോക്കി വഴി തെറ്റാതെ മുന്നോട്ടു പോകാമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം. അദ്ദേഹം നമുക്കായി പകർന്ന സാഹോദര്യത്തിൻ്റേയും തുല്യനീതിയുടേയും ആശയങ്ങൾ മുറുകെപ്പിടിക്കുമെന്ന് ഉറപ്പിക്കാം.
No comments:
Post a Comment