Friday, May 8, 2020

വിശാഖപട്ടണത്തെ എൽജി പോളിമർ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തുന്നു.

​​വിശാഖപട്ടണത്തെ എൽജി പോളിമർ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ സി.പി.ഐ (എം)  പൊളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തുന്നു. ഇതുവരെ പത്തിലധികം പേർ മരിക്കുകയും ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കമ്പനിയുടെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അവഗണനയുടെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ അപകടം. ലോക്ക്ഡൗണിനു ശേഷം അടച്ച പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.

കനത്ത പുകയിൽ പെട്ട ആളുകൾ വീടുകളിൽനിന്നും ഓടിയിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഏറെ മരണങ്ങളും ശ്വാസംമുട്ടൽ മൂലമാണ് സംഭവിച്ചത്. ദുരിതബാധിതരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനുവേണ്ട ഇടപെടൽ യഥാസമയം നടത്തുന്നതിൽ ജില്ലാ അധികൃതർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

ഈ ദുരന്തത്തിന്മേൽ സമയബന്ധിതമായി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു. എൽജി പോളിമർ മാനേജ്മെന്റ് കുറ്റവാളിയാണെന്നും നിയമപ്രകാരം നടപടിയെടുക്കണമെന്നും പാർടി ആവശ്യപ്പെടുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം.

No comments:

Post a Comment