കർഷകർ, അതിഥിത്തൊഴിലാളികൾ, ദരിദ്രർ എന്നിവർക്കായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ ക്രൂരമായ തട്ടിപ്പാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
ഇരുപതു ലക്ഷം കോടിയുടെ പാക്കേജിൽ കേന്ദ്രം നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് ധനമന്ത്രി നടത്തിയ അവകാശവാദങ്ങൾ വ്യാജമാണ്. അതിഥിത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, ഗാർഹിക ജോലിക്കാർ എന്നിവർക്ക് ഒരു രൂപ പോലും പാക്കേജിലില്ല. പ്രധാനമായും വായ്പ നൽകാനുള്ളതാണ് പാക്കേജ്. ഭക്ഷ്യധാന്യം നൽകാൻ 3,500 കോടി നീക്കിവച്ചത് മാത്രമാണ് നേരിട്ടുള്ള ഇടപെടല്‍. കോടിക്കണക്കിനു റേഷൻ കാർഡുകൾ റദ്ദാക്കി പാവപ്പെട്ടവരെ ദുരിതത്തിലാക്കിയ കേന്ദ്രം പ്രതിമാസം അഞ്ച് കിലോ വീതം ഭക്ഷ്യധാന്യവും ഒരു കിലോ വീതം കടലയും നൽകുന്നത് മഹാകാര്യമായി മന്ത്രി അവതരിപ്പിച്ചു. ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി പുതിയ പേരിൽ അവതരിപ്പിച്ച് അടുത്തവർഷം പൂർത്തീകരിക്കുമെന്ന് പറയുന്നത് ഇപ്പോഴത്തെ ദുരിതം പരിഹരിക്കാൻ പ്രയോജനപ്പെടില്ല.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിൽദിനങ്ങളിൽ 40–-50 ശതമാനം വർധനയുണ്ടായെന്ന് മന്ത്രി തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞവർഷം ഏപ്രിലിൽ 27.3 കോടി തൊഴിൽദിനം സൃഷ്ടിച്ചെങ്കില്‍ ഇക്കൊല്ലം ഏപ്രിലിൽ ഇത് 1.1 കോടിയായി കുറഞ്ഞു. ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമങ്ങളിൽ മടങ്ങിയെത്തുന്നവരെ തൊഴിലില്ലായ്‌മ വേട്ടയാടും. വ്യവസായങ്ങൾക്ക് യഥേഷ്ടം വായ്‌പ നൽകുന്നതിനു പകരം തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്ന സാമ്പത്തികപാക്കേജാണ് വേണ്ടത്.
കാംപ ഫണ്ടു(നിര്‍ബന്ധിത വനവൽക്കരണ നിധി) കളുടെ വിനിയോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമില്ല. ആദിവാസികളടക്കം തദ്ദേശീയ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് സംസ്ഥാനസർക്കാരുകളാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. അതിഥിത്തൊഴിലാളികളുടെ ഭക്ഷണ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പറയുന്നത് അവഹേളിക്കലാണ്. മഹാമാരി വന്നിട്ടില്ലെങ്കിൽപോലും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് വാർഷികസംഭാവന നൽകണ്ടേത് കേന്ദ്രത്തിന്റെ നിയമപരമായ ബാധ്യതയാണ്. 75:25 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും ചെലവ് വഹിക്കണം. നയാപൈസ പോലും അധികം അനുവദിച്ചിട്ടില്ല.
നഗരദരിദ്രരിൽ 80 ശതമാനത്തിനും തൊഴിൽ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും മൂന്ന് മാസത്തേക്ക് പ്രതിമാസം 7,500 രൂപ വീതം നൽകണം. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾക്ക് പ്രതിമാസം 10 കിലോ വീതം ഭക്ഷ്യധാന്യം ആറ് മാസത്തേക്ക് നൽകണം. ഒറ്റത്തവണത്തേക്ക് കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം.സംസ്ഥാനങ്ങൾക്ക് അടിയന്തരമായി വിപുലമായ സാമ്പത്തിക സഹായം നൽകണം. 50 ദിവസമായി തെരുവിൽ കഴിയുന്ന അതിഥിത്തൊഴിലാളികളെ സൗജന്യമായി അവരുടെ നാടുകളിൽ എത്തിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

No comments:
Post a Comment