Friday, February 19, 2021

​​പുഗലൂർ-മാടക്കത്തറ 320 കിലോവോൾട് HVDC (High Voltage Direct Current) ലൈനും മാടക്കത്തറ HVDC സബ്‌സ്റ്റേഷനും ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു.

​​പുഗലൂർ-മാടക്കത്തറ 320 കിലോവോൾട് HVDC (High Voltage Direct Current) ലൈനും മാടക്കത്തറ HVDC സബ്‌സ്റ്റേഷനും ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു. അയ്യായിരം കോടി രൂപയുടെ ഈ പവർലൈൻ പദ്ധതിക്ക് 2000 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിലെത്തിക്കാൻ ശേഷിയുള്ളതാണ്. ലളിതമായി പറഞ്ഞാൽ 2000 മെഗാവാട്ട് വൈദ്യുതിനിലയം സ്ഥാപിച്ചതിനു തുല്യമായ അധികവൈദ്യുതലഭ്യത സംസ്ഥാനത്തിനു കൈവരിക്കാൻ സാധിച്ചു. നമ്മുടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള വ്യാവസായികവിപ്ലവത്തിന് അടിത്തറ പാകുന്നതാണ് ഈ അധിക ഊർജലഭ്യത.

 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും വടക്കാഞ്ചേരി മുതല്‍ മാടക്കത്തറ വരെ ഇരുപത്തിയേഴു കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുമാണുള്ളത്. സ്ഥലമുടമകളുടെ എതിര്‍പ്പില്‍ ലൈന്‍ നിര്‍മാണം തടസപ്പെടുന്നതൊഴിവാക്കാന്‍ ഭൂമിക്ക് പ്രത്യേക‍ പാക്കേജിലൂടെ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്. മാടക്കത്തറയിൽ HVDC സബ്‌സ്റ്റേഷൻ നിർമാണത്തിനായി മണ്ണുത്തി കാർഷികസർവകലാശാലയുടെ കീഴിലുള്ള നാല്പത്തിയഞ്ച് ഏക്കർ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹായിച്ചു.

തൃശൂർ ജില്ലയിലെ മാടക്കത്തറയിലെത്തുന്ന വൈദ്യുതി സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നതിനുള്ള പവർഹൈവേകൾ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വടക്കൻ മേഖലയിലേക്ക് വൈദ്യുതിവിതരണം നടത്താൻ മാടക്കത്തറ-അരീക്കോട് 400 കെവി ലൈൻ കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തെക്കൻ മേഖലയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കീഴിൽ പൂർത്തിയാക്കപ്പെട്ട ഇടമൺ-കൊച്ചി ലൈൻ വഴിയാണ് വിതരണം നടക്കുക.

2018 മെയ് മാസത്തില്‍ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി പ്രത്യേക കര്‍മസേനയെ നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗതനിയന്ത്രണസാഹചര്യം പ്രയോജനപ്പെടുത്തി കുതിരാന്‍ തുരങ്കത്തിലുള്‍പ്പെടെ ദേശീയപാതയുടെ പാര്‍ശ്വങ്ങളില്‍ കേബിളുകള്‍ സ്ഥാപിക്കാനായതും നേട്ടമാക്കി.

No comments:

Post a Comment