Wednesday, February 17, 2021

ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. - കടകംപള്ളി സുരേന്ദ്രന്


 ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. യൂറോപ്യന്‍ തെരുവുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അതീവ ആകര്‍ഷകമായി നിര്‍മിച്ച പാര്‍ക്ക് ദേശീയശ്രദ്ധ വരെ നേടുകയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.

അന്ന് ആ പദ്ധതി ഉദ്ഘാടനം ചെയ്ത് തിരികെ വരുമ്പോള്‍ തന്നെ ഇങ്ങനെയൊന്ന് തലസ്ഥാന നഗരിയിലും ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. വന്നയുടന്‍ തന്നെ വാഗ്ഭടാനന്ദ പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റിനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതുപ്രകാരം പ്രോജക്റ്റ് റിപ്പോര്‍ട്ടും രൂപരേഖയും തയ്യാറാക്കുകയും 5 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കുകയും ചെയ്തു. പേട്ട കേരള കൗമുദി ഓഫീസിന് മുന്നിലെ ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡ് ആണ് പാര്‍ക്കിനായി തിരഞ്ഞെടുത്തിട്ടുള്ളത്. പേട്ടയില്‍ ജനിച്ചു വളര്‍ന്ന, ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച മഹാനായ നവോത്ഥാന നായകന്‍ ഡോ. പല്‍പ്പുവിന്റെ പേരിലാണ് പാര്‍ക്ക് അറിയപ്പെടുക. 

ടാക്ടൈല്‍ ടൈല്‍സ് വിരിച്ച നടപ്പാത, ഇന്റര്‍ലോക്ക് വിരിച്ച ഡ്രൈവ് വേ, നവീകരിച്ച ഓപ്പണ്‍ സ്റ്റേജ്, നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ ജിം, മിനി ആംഫിതീയറ്റര്‍, നവീകരിച്ചഓട്ടോ സ്റ്റാന്റ്, പ്രത്യേക പാര്‍ക്കിംഗ് ഏരിയ , ലാന്‍ഡ്സ്‌കേപ്പിംഗ്, ടോയ്‌ലറ്റുകള്‍,  ഫ്‌ലീ മാര്‍ക്കറ്റ് & സ്ട്രീറ്റ് വെന്‍ഡേഴ്‌സ്  ഏരിയ തുടങ്ങിയവയാണ് പാര്‍ക്കിലുണ്ടാവുക. നിലവില്‍ ഈ പാതയില്‍ ഉള്ള മരങ്ങളും ചെടികളുമെല്ലാം നിലനിര്‍ത്തും. ഒരു കംപ്ലീറ്റ് മെയ്‌ക്കോവര്‍ പാക്കേജ് എന്ന് ചുരുക്കി പറയാം.   

പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ നിര്‍വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. എത്രയും വേഗം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു ഈ പാര്‍ക്ക് തലസ്ഥാനനഗരിക്ക് സമര്‍പ്പിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പാര്‍ക്കിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ പങ്ക് വെക്കുന്നില്ല. പണി പൂര്‍ത്തിയാകുമ്പോള്‍ സര്‍പ്രൈസ് ആയി ഇരിക്കട്ടെ. 


No comments:

Post a Comment