എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകിയാൽ മാത്രമേ കോവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാൻ കഴിയൂ. എന്നാൽ വാക്‌സിൻവിതരണത്തിൽ സ്വകാര്യമേഖലയ്‌ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരം ഉണ്ടാക്കുകയാണ് മോഡി സർക്കാർ. കേന്ദ്രത്തിന്റെ തെറ്റായ വാക്‌സിൻ നയം തിരുത്താൻ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും സുപ്രീംകോടതി ഇടപെടലും വേണ്ടിവന്നു. ഇപ്പോഴും 25 ശതമാനം വാക്‌സിൻ സ്വകാര്യആശുപത്രികൾ വഴിയാണ് നൽകുന്നത്. അമിതവിലയാണ് ഇവർ ഈടാക്കുന്നത്. സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാവില്ല.
കോവിഡ് ആദ്യകേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത് രണ്ട് മാസത്തിനുശേഷമാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ മതിയായ തയ്യാറെടുപ്പ് നടത്തിയില്ല. തൊഴിലാളികളും ജനങ്ങളും ഇതിന്റെ ദുരിതം അനുഭവിച്ചു. രണ്ടാം വരവ് തടയാനും സർക്കാർ ശ്രമിച്ചില്ല. ആരോഗ്യപരിരക്ഷ സംവിധാനം ശക്തിപ്പെടുത്താനോ വാക്‌സിൻ ഉൽപാദനം കൂട്ടാനോ നടപടി സ്വീകരിച്ചില്ല. ഇതുവഴി രാജ്യത്തിന്റെ വിലയേറിയ ഒരുവർഷം നഷ്ടപ്പെടുത്തി. കോവിഡ് ബാധിച്ചവർക്ക് ശരിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. ഭീകരമായ ദൃശ്യങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായത്. ലക്ഷക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പരിഹാരം കാണാനും പദ്ധതിയില്ല. ഈ വിധത്തിൽ കോവിഡ് മഹാമാരിയുടെ വ്യാപനവും കെടുതികളും ഫലപ്രദമായി നേരിടുന്നതിൽ മോഡിസർക്കാർ പൂർണപരാജയമാണ്.
No comments:
Post a Comment