Friday, July 2, 2021

ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ. - സ. എ വിജയരാഘവൻ

കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു സ. അഭിമന്യുവിന്റേത്. ന്യൂനപക്ഷ ഭീകരവാദ സംഘടനയായ ക്യാംപസ്‌ ഫണ്ട്‌  അക്രമികൾ സഖാവിനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയാവുകയാണ്. എസ്എഫ്ഐ ഇടുക്കി ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സഖാവ് വട്ടവടയിൽ നിന്നുള്ള ആദ്യ ബിരുദ വിദ്യാർഥിയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവുമായി വന്ന് വിദ്യാർഥികളുടെയാകെ പ്രിയങ്കരനായി വളർന്നുവന്ന അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കയറ്റിയപ്പോൾ നഷ്ടം സംഭവിച്ചത് തോട്ടം തൊഴിലാളികളായ മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല.   ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുകയാണ്.

അഭിമന്യു കണ്ട സ്വപ്നങ്ങൾ ഒന്നും തന്നെ സ്വജീവിതം മാത്രം കൂടുതൽ ഉയരത്തിലെത്തിക്കുക എന്നതായിരുന്നില്ല. തന്റെ നാട്ടിൽ ഒരു ലൈബ്രറി ഉണ്ടാക്കണമെന്നും ആദിവാസി സമൂഹത്തിൽ നിന്നുള്ള യുവാക്കളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കണമെന്നുമെല്ലാമായിരുന്നു. ലൈബ്രറി എന്ന ആഗ്രഹം കഴിഞ്ഞ വർഷം തന്നെ സഹസഖാക്കൾ പൂർത്തീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സുമനസുകൾ തീവ്രവാദശക്തികൾക്കെതിരെ പുസ്തകങ്ങളയച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് ബൃഹത്തായ പുസ്തക ശേഖരം വട്ടവടയിലെ ലൈബ്രറിയിൽ സജ്ജമായി.

ഇപ്പോഴിതാ പിന്നോക്കവിഭാഗത്തിലെ കുട്ടികൾക്ക്‌ താമസിച്ച് പഠിക്കാൻ സൗകര്യമൊരുക്കുന്ന വിധത്തിൽ അഭിമന്യുവിന്റെ പേരിൽ  സ്മാരകവും പണിതീർന്നിരിക്കുന്നു. പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകുംവിധം സഖാവിന് ഉചിതമായൊരു സ്മാരകം തന്നെ ഉയർന്നിരിക്കുന്നു. അഭിമന്യു സ്വപ്നം കണ്ടതുപോലെ അരികുവൽക്കരിക്കപ്പെട്ട ഒട്ടനവധി പേർക്ക് ഈ സ്മാരകം താങ്ങായിമാറും.
രക്‌തസാക്ഷിയുടെ വേർപാടിൽ സദാ സങ്കടപ്പെടാനല്ല,  അവരുടെ ബലികുടീരത്തിനു മുന്നിൽനിന്ന്‌ ആ ഓർമയുടെ  ചൂടിൽനിന്നാണ്‌ നമ്മൾ പുതിയ പേരാട്ടങ്ങൾക്കുള്ള ദീപശിഖയിലേക്ക്‌ തീപകരേണ്ടത്‌.

കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്കുമുന്നിൽ എന്നും നീറുന്ന നോവാണ് അഭിമന്യു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ പൈശാചികതകൾക്കെതിരായ മതേതര കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അഭിമന്യുവിന്റെ സ്മരണ ആവേശം പകരും.

ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ.

No comments:

Post a Comment