മാതാപിതാക്കൾ ഉപേക്ഷിച്ച ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിക്ക് മന്ത്രി ആയിരിക്കെ തോമസ് ഐസക്ക് വീട് വാഗ്ദാനം ചെയ്‌തിരുന്നു എന്നും നാലു വർഷത്തിന് ശേഷവും വാഗ്ദാനം പാലിച്ചില്ലെന്നുമുള്ള മനോരമ റിപ്പോർട്ട് കുറച്ചുനാളുകൾക്കു മുൻപാണ് എന്റെ ശ്രദ്ധയിൽപെട്ടത്. വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് മഹേഷ് എന്ന ഈ കുട്ടിയുടെ പ്രതിഭയെ അടുത്തറിഞ്ഞത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന മഹേഷ്, ഹാമർ ത്രോയിൽ നാഷ്ണൽ ഗെയിംസ് ജേതാവാണ്. ജീവിക്കാനായി ലോട്ടറി വിൽപ്പന മുതലങ്ങോട്ട് ഈ കൗമാരക്കാരൻ ചെയ്യാത്ത തൊഴിലുകൾ കുറവാണ്.
കെ.പി.സി.സി അധ്യക്ഷനായിരിക്കെ ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. ആലപ്പുഴ നഗരസഭ മുൻ ചെയർമാനും ഡി.സി.സി ഉപാധ്യക്ഷനുമായ തോമസ് ജോസഫ് വീടിനായി മൂന്ന് സെന്റ് ഭൂമി മഹേഷിന്റെ പേരിൽ പതിച്ചു നൽകി. ഡി.സി.സി അധ്യക്ഷൻ എം.ലിജു പുതിയ വീടിന് കല്ലിട്ടു.
കോവിഡ് കാലമായതിനാൽ ഓൺലൈനിലൂടെ തിരുവനന്തപുരത്തിരുന്ന് ഞാനും പങ്കെടുത്തു. നിർമാണം പൂർത്തിയാക്കി വൈദ്യുതി - വെള്ളം കണക്ഷൻ അടക്കം കിട്ടിക്കഴിഞ്ഞപ്പോൾ തുമ്പോളിയിലെത്തി ഇന്ന് വീടിന്റെ താക്കോൽ കൈമാറി. വീട്ടിലേക്കുള്ള ഫർണീച്ചർ ഉൾപ്പെടെ ഉടൻ എത്തിക്കും.
വീട് നിർമാണത്തിനായി മേൽനോട്ടം നിർവഹിച്ച മുൻ ഡി.സി.സി അധ്യക്ഷൻ എ.എ ഷുക്കൂർ,ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.മനോജ് കുമാർ, വാഗ്ദാനമല്ലാതെ മഹേഷിന് വീട് കിട്ടിയില്ലെന്ന വാർത്ത പുറംലോകത്തെ അറിയിച്ച മനോരമ ന്യൂസിലെ സീനിയർ കറസ്‌പോണ്ടന്റ് കെ.സി ബിപിൻ എന്നിവരെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
രണ്ട് കിടപ്പുമുറിയുള്ള വീട്ടിൽ ഭിത്തി അലമാര ചൂണ്ടിക്കാട്ടി മെഡലുകളും ട്രോഫികളും വയ്ക്കേണ്ട ഇടമാണെന്ന് മഹേഷ് പറഞ്ഞു. അലമാര നിറയെ പതക്കങ്ങളും ട്രോഫികളും നേടാൻ മഹേഷിന് ഇനിയും കഴിയട്ടെ.
No comments:
Post a Comment