കേരളം സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 26-നു പകൽ 8.05 മുതല്‍ ഗ്രഹണം ദൃശ്യമാകും. ആധുനിക ശാസ്ത്രാവബോധം വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഗ്രഹണത്തെ ചുറ്റിപ്പറ്റി പ്രചാരത്തിൽ ഉണ്ടായിരുന്നു. ഗ്രഹണ സമയത്തു ഭയത്തോടെ മനുഷ്യർ വീടുകൾക്കകത്ത് അടച്ചിരുന്നിരുന്ന ആ കാലം അത്ര വിദൂരമായിരുന്നില്ല. ഇന്നും അത്തരം ധാരണകൾ ഒരു പരിധി വരെയെങ്കിലും നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പുരോഗമിക്കുന്ന ഇക്കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ വിട്ടുപോയിട്ടില്ല എന്ന വിരോധാഭാസം ആധുനിക കേരളസമൂഹത്തിൻ്റെ അലട്ടലായി മാറേണ്ടതാണ്.
ഈ സൂര്യഗ്രഹണം നമുക്ക് മുൻപിൽ തുറക്കുന്നത് ഒരു വലിയ സാദ്ധ്യതയാണ്. ശാസ്ത്രീയമായ അറിവുകൾ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും നമുക്ക് ലഭിക്കുന്ന അസുലഭാവസരമാണിത്. സ്കൂളുകളിൽ അടക്കം നിരവധി കേന്ദ്രങ്ങളിൽ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമൊരുക്കി വരികയാണ്. പരമാവധി ആളുകൾ ആ സൗകര്യങ്ങൾ ഉപയോഗിച്ചു ഗ്രഹണം കാണണം. വിദഗ്ധർ ഈ പ്രാപഞ്ചിക പ്രതിഭാസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കും. അവരോട് ചോദ്യങ്ങൾ ചോദിക്കുക. സംവദിക്കുക. ഈ സാദ്ധ്യത മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അറിവാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നത്. അതിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നത്. അറിവു നേടാനൊരുങ്ങുക.
No comments:
Post a Comment