Friday, December 20, 2019

നാടിന്റെ വികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി.


നാടിന്റെ വികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബി. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശനമായ 'കേരള നിർമിതി'യുടെ ഉദ്ഘാടനം തൈക്കാട് പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു.


രാജ്യത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാണ് നമ്മുടെ നാട് മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് അനുമതി നൽകിയത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറ പരത്താൻ ശ്രമങ്ങൾ പലകോണുകളിൽനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, കിഫ്ബി തികച്ചും സുതാര്യമാണ്. കക്ഷിരാഷ്ട്രീയ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനങ്ങൾക്ക് ധനലഭ്യത ഉറപ്പാക്കുകയാണ്. എന്നാൽ, ഫണ്ടനുവദിച്ച് കൈയും കെട്ടി നോക്കിനിൽക്കുകയല്ല, ഗുണനിലവാരം ഉറപ്പാക്കാനുള്ള കർശനമായ നടപടികളും കിഫ്ബി നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, കാരണം ഇത് നാടിന്റെ വികസനത്തിനുള്ള പ്രവർത്തനമായതിനാൽ അതിൽ ന്യൂനത ഉണ്ടാകാൻ പാടില്ല.

ഒട്ടേറെ സ്വപ്നപദ്ധതികളാണ് കിഫ്ബിയിലൂടെ യാഥാർഥ്യമാകുന്നത്. എറണാകുളം അമ്പലമുകൾ പെട്രോ കെമിക്കൽ പാർക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ യാഥാർഥ്യമായിട്ടുണ്ട്. ഇതിനായി സർക്കാരിന് വേണ്ടി കിൻഫ്രയ്ക്ക് 1000 കോടിരൂപ കൈമാറിയത് കിഫ്ബിയാണ്. ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്കുള്ള തുകയാണിത്. പെട്രോ കെമിക്കൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണ സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യാന്തര നിലവാരമുള്ള വ്യവസായ പാർക്കാണ് അമ്പലമുകളിൽ വികസിപ്പിക്കുന്നത്. പുതുതലമുറയ്ക്കുള്ള സമ്മാനമാണിത്. 10,000 യുവാക്കൾക്ക് നേരിട്ട് ഇതിലൂടെ തൊഴിലവസരം ലഭിക്കും. നേരിട്ടല്ലാതെ 5000 ത്തിൽ അധികം തൊഴിലവസരം വേറെയും. ദേശീയ വികസനത്തിന് ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ സംസ്ഥാനവിഹിതത്തിന്റെ ആദ്യഗഡുവും കിഫ്ബി കൈമാറിയിട്ടുണ്ട്. 5374 കോടി നൽകാനുള്ളതിൽ 349.70 കോടിയാണ് കൈമാറിക്കഴിഞ്ഞത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാനുള്ള പുതിയ പാത കിഫ്ബി മുഖേന യാഥാർഥ്യമാക്കാൻ കൊങ്കൺ റെയിൽവേയുമായി ചേർന്ന് വിശദ പദ്ധതി തയാറാക്കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയ്ക്കും വലിയതോതിലുള്ള ഉണർവേകാൻ കിഫ്ബിയിലൂടെ കഴിഞ്ഞു. 45,000 ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് ലാബുകൾ യാഥാർഥ്യമായത് നാടിന്റെ മുഖച്ഛായ മാറ്റി.
ആരോഗ്യമേഖലയിൽ വലിയമാറ്റമുണ്ടായത് നാടാകെ അംഗീകരിച്ചു. അതിനുള്ള ധനവും കിഫ്ബിയിലൂടെ കണ്ടെത്തിയതാണ്. 50 ഡയാലിസിസ് യൂണിറ്റുകൾ, 10 കാത്ത് ലാബുകൾ, നിരവധി ആശുപത്രി നിർമാണവും നവീകരണവും ഇതെല്ലാം നാടിനു സ്വന്തമായി.

No comments:

Post a Comment