Sunday, December 29, 2019

എല്ലാവരും കൂടെയുണ്ടാകണം എന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.- കടകംപള്ളി സുരേന്ദ്രന്

നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഖാവ് ബി.എസ്.രാജീവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും അദ്ദേഹത്തിന്റെ കര്‍മ്മപഥത്തെ സജീവമാക്കുന്നതിന് ഒത്തുചേര്‍ന്നവരുടെയും പിന്‍ബലത്തില്‍ പുരോഗമന ദൗത്യങ്ങള്‍ക്കായി ആരംഭിച്ച ബി.എസ്.രാജീവ്‌ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ:ബി.എസ്. രാജീവിന്റെ പ്രിയപ്പെട്ടവര്‍ ഒത്തുകൂടിയ ചടങ്ങ് അത്രമേല്‍ വൈകാരികമായിരുന്നു. അദ്ദേഹവുമായി ഒറ്റത്തവണയെങ്കിലും  പരിചയപ്പെട്ടവര്‍ക്ക് പോലും ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഓര്‍മ്മകള്‍ നല്‍കിയിട്ടുണ്ടാകും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. 
എന്നെ സംബന്ധിച്ച് രാജീവ് എനിക്ക് എല്ലാമായിരുന്നു. രാജീവുമായുള്ള ബന്ധം എന്തായിരുന്നു എന്നെനിക്ക് ഇഴപിരിച്ചു എടുത്തു പറയുവാന്‍ സാധിക്കുകയില്ല. രാജീവ് എനിക്ക് സ്വന്തം അനുജനെ പോലെ പ്രിയപ്പെട്ടവനായിരുന്നു. മികച്ച സംഘാടകന്‍ ആയിരുന്നു. നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയിരുന്നു. എല്ലാത്തിനുമുപരി നല്ല സഖാവ് ആയിരുന്നു. 
വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂണിവേഴ്സിറ്റി കോളേജിലെ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന കാലഘട്ടത്തിലാണ് രാജീവിനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാന്‍ അന്ന് പാര്‍ട്ടിയുടെ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗവും  കെ.എസ്.വൈ.എഫിന്റെ നേതാവും ആയിരുന്നു. വിദ്യാര്‍ത്ഥിസംഘടനാ രംഗത്തെ ചുമതല ഉണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി നേതാക്കളെയെല്ലാം നേരിട്ട് കാണാനും അവരുടെ കഴിവുകള്‍ മനസ്സിലാക്കാനും അവസരമുണ്ടായി. നല്ല വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയിലും കോളേജ് യൂണിയന്‍ ഭാരവാഹി എന്ന നിലയിലും യൂണിവേഴ്സിറ്റി കോളേജില്‍ അന്നേ രാജീവ്  പ്രസിദ്ധനായിരുന്നു. കോളേജിലെ അധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും  സഹപാഠികളുടെയും എന്തിന് ഇതര രാഷ്ട്രീയഅനുഭാവികളുടെ പോലും ഇഷ്ടപാത്രമായി മാറാന്‍ രാജീവിന് സാധിച്ചു. ആ സൗഹൃദങ്ങളൊക്കെ മരിക്കുന്നത് വരെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് രാജീവിന്റെ പ്രത്യേകതയായി പറയേണ്ടത്. 
പരന്ന വായനാശീലവും ആഴത്തിലുള്ള അറിവും രാജീവിന്റെ പ്രത്യേകതയായിരുന്നു. സാഹിത്യ,സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാട് രാജീവിന് ഉണ്ടായിരുന്നു. വിപുലമായ ശിഷ്യസമ്പത്തുള്ള വളരെ മികച്ച ഒരു അധ്യാപകന്‍ കൂടിയായിരുന്നു സഖാവ്. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകന്‍ ആകുന്നതിന് മുന്‍പ് ദീര്‍ഘകാലം സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ തിരക്കുകള്‍ കാരണം തുടര്‍ച്ചയായി അത് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് അതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. പക്ഷേ യുവതലമുറയിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എന്നുമൊരു അധ്യാപകന്‍ തന്നെയായിരുന്നു ബി എസ് രാജീവ്.
നിസ്വാര്‍ത്ഥമായി ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യസ്‌നേഹിയായിരുന്നു സഖാവ് ബി എസ് രാജീവ്. സഖാവ് എന്ന വലിയ വാക്ക് അന്വര്‍ത്ഥമാക്കിക്കൊണ്ട് നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ജനകീയനേതാവ്. എത്രത്തോളം അദ്ദേഹം ജനഹൃദയങ്ങളാല്‍ സ്‌നേഹിക്കപ്പെട്ടിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ ആയിരുന്നു സഖാവിന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ അണമുറിയാത്ത ജനസഞ്ചയം. മാനവികതയാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന പാഠമാണ് സ്വന്തം ജീവിതം കൊണ്ട് രാജീവ് കാണിച്ചു തന്നത്. അടുത്ത തലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്കായി അദ്ദേഹം ബാക്കി വെച്ച പാഠമാണത്. ഓര്‍മകളില്‍ നിന്ന് രാജീവ് ഒരിക്കലും മായില്ല. നിറഞ്ഞ സ്‌നേഹത്തിന്റെ, നിസ്വാര്‍ത്ഥമായ മനസിന്റെ പ്രതീകമായി നിഴല്‍ പോലെ നമുക്കൊപ്പം സഖാവ് ബി എസ് രാജീവിന്റെ സ്മൃതികള്‍ ഉണ്ടാകും. ബി.എസ്.രാജീവ്‌ ജയിച്ച ഇടങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കരുത്താക്കി വര്‍ത്തമാന കാലത്തിന്റെ ദൗത്യങ്ങളുമായി അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. എല്ലാവരും കൂടെയുണ്ടാകണം എന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment