സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയബാലപാഠങ്ങള്‍ പഠിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ട ആദരണീയനായ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്റെ ശബ്ദം തടയാന്‍ എകെജി സെന്ററില്‍ നിന്നുള്ള ഭീഷണികള്‍ മതിയാകില്ല. അത് മനസ്സിലാക്കി സംവാദത്തിന്റെ രാഷ്ട്രീയമര്യാദ ഉള്‍ക്കൊള്ളുന്നതാണ് ഉചിതം. പൗരത്വനിയമ ഭേദഗതിയേക്കുറിച്ചു സംവാദത്തിനു തയ്യാറാണ് എന്ന് ആദരണീയനായ ഗവര്‍ണര്‍ വ്യക്തമാക്കിയെങ്കിലും അതിന് മറുപടി നല്‍കുന്നതിനു പകരം ഭീഷണിയുടെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസ് വേദിയെ സിപിഎം അനുകൂല ബുദ്ധിജീവികളുടെയും സിപിഎം എംപിയുടെയും മറ്റും അഴിഞ്ഞാട്ട വേദിയാക്കി മാറ്റിയതില്‍ ഖേദത്തിന്റെ കണികപോലും ഇല്ലാതെയാണ് കോടിയേരി ഗവര്‍ണറെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നു എന്നാണല്ലോ പ്രധാന ആക്ഷേപം. ഒന്നാമതായി, ഭരണഘടനാ പദവിയെന്നാല്‍ രാജ്ഭവനില്‍ പോയി ചില്ലുകൂട്ടില്‍ ഇരിക്കുക എന്നല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനു വേണ്ടി വാദിക്കുകയും അതിനെതിരായ കുപ്രചരണങ്ങളെ ചെറുക്കുകയും ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതാണ് തികച്ചും ജനാധിപത്യപരമായും സിപിഎം നേതാക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സഹിഷ്ണുതയോടെയുമാണ് അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ പദവിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകതന്നെയാണ് ഗവര്‍ണര്‍.
എന്നാല്‍ ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ താങ്കളുടെ മുഖ്യമന്ത്രി ചെയ്യുന്നതോ? അദ്ദേഹം ഭരണഘടനയോട് എന്തെങ്കിലും ആദരവോ കൂറോ പ്രകടമാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സ്വന്തം പദവി ഉപയോഗിച്ച് ആളുകളെ കൂട്ടി തെറ്റിദ്ധാരണ പരത്തുമോ. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവച്ച് പോകാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ താങ്കള്‍ക്ക് ഭരണഘടനയോട് ഉത്തരവാദിത്തമുണ്ട് എന്നെങ്കിലും കേരളം മനസ്സിലാക്കും. അതിന് മുട്ടു വിറയ്ക്കുമെങ്കില്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനോട് രോഷം പ്രകടിപ്പിക്കാനും മുതിരേണ്ട. അദ്ദേഹം ഒറ്റയ്ക്കല്ല, പാര്‍ലമെന്റിനെയും ഭരണഘടനയെയും ബഹുമാനിക്കുന്ന കേരളജനത മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഞങ്ങള്‍ പറയുന്നതുപോലെ പറഞ്ഞില്ലെങ്കില്‍ രാജിവച്ചേക്കൂ എന്ന രീതിയില്‍ ഗവര്‍ണറോടു പറയുന്നത് അപക്വമാണ്, അഹങ്കാരമാണ്.
ഗവര്‍ണര്‍ പറയുന്നത് അദ്ദേഹത്തിന് ഉറച്ച ബോധ്യമുള്ള നിലപാടാണ്. അതിനു പകരം നിങ്ങള്‍ എഴുതിക്കൊടുക്കുന്ന വാറോല വായിക്കാന്‍ ആത്മാഭിമാനവും ഉന്നത പൊതുപ്രവര്‍ത്തന പാരമ്പര്യവുമുള്ള ശ്രീ ആരിഫ് മുഹമ്മദ് ഖാനെ കിട്ടില്ല. ഗവര്‍ണര്‍ പ്രാദേശിക രാഷ്ട്രീയകാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം എന്ന സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ കോടിയേരി പരാമര്‍ശിച്ചതു നന്നായി. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചര്‍ച്ചകള്‍ പ്രാദേശിക രാഷ്ട്രീയ കാര്യമാണോ? ദേശീയ മാനങ്ങളുള്ള, അതീവ പ്രാധാന്യമുള്ള വിഷയത്തെ പ്രാദേശിക കാര്യമാക്കി ചുരുക്കുന്ന കോടിയേരിയെപ്പോലുള്ളവര്‍ക്ക് ഗവര്‍ണറുടെ മുന്നില്‍ സംവാദത്തിന് ഇരുന്നുകൊടുക്കാനുള്ള ചങ്കൂറ്റം ഉണ്ടാകാത്തത് സ്വാഭാവികം.
No comments:
Post a Comment