ഇന്ന് സഖാവ് ഇ.കെ.നായനാരുടെ നൂറാം ജന്മദിന വർഷികമാണ്. കേരളീയരുടെ മനസ്സില്‍ ഒരേസമയം ആദരവും സ്നേഹവും നിറയ്ക്കുന്ന ജനനേതാവായിരുന്നു സഖാവ് ഇ കെ നായനാർ. നായനാരുടെ ഓർമകൾ ഏത് ഘട്ടത്തിലും കമ്യൂണിസ്റ്റുകാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഇടറാതെ മുന്നോട്ടുപോകാനുള്ള വഴികാട്ടിയാണ്. തൂക്കുമരത്തിന്റെ ചുവട്ടിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിപ്ലവകാരിയാണ് നായനാർ. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനുള്ള ഉപ്പുസത്യഗ്രഹജാഥയ്ക്ക് കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് 13 വയസ്സ് മാത്രമായിരുന്നു. പോരാട്ടത്തിന്റെ ഉജ്വലപ്രതീകമായിരുന്നു നായനാര്‍.
തികച്ചും ത്യാഗോജ്വലമായ സമര‐സംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു.
സിപിഐ എം രൂപീകരണകാലം മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ്ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വിലയേറിയ സംഭാവനയാണ് നൽകിയത്. മൂന്നുതവണയായി 4010 ദിവസം മുഖ്യമന്ത്രിയായി. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽതന്നെ ഭരണസംസ്കാരത്തിന് പുതുമാതൃക സൃഷ്ടിച്ചു. തോട്ടിപ്പണി ഇന്ത്യയിൽ ആദ്യമായി ഇല്ലാതാക്കിയത് കേരളത്തിലാണ്. അതുണ്ടായത് നായനാർ ഭരണത്തിലാണ്. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജില്ലാ കൗൺസിൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കി.
മലയാളികളുടെ മനസ്സില്‍ എക്കാലവും നന്മനിറഞ്ഞ പുഞ്ചിരിയുമായി നായനാരുടെ മുഖം തെളിഞ്ഞുനില്‍ക്കും. എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉജ്ജ്വല പോരാട്ടത്തിന്‍റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായിരിക്കും സഖാവിന്‍റെ ഓര്‍മ്മ.
No comments:
Post a Comment