Saturday, January 11, 2020

അസൻഡ് കേരള 2020 സമ്മേളനത്തിൽ കേരളത്തിലെ ടൂറിസം രംഗത്തെ വളർച്ചയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സംസാരിച്ചു.


അസൻഡ് കേരള 2020 സമ്മേളനത്തിൽ കേരളത്തിലെ ടൂറിസം രംഗത്തെ വളർച്ചയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സംസാരിച്ചു.

കേരളത്തെ ഒരു ആഗോള, ആഭ്യന്തര ടൂറിസം ലക്ഷ്യസ്ഥാനമായി ഉറപ്പിക്കുന്നതിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിർണായക പങ്ക് സ്വകാര്യമേഖല വഹിച്ചിട്ടുണ്ട്. ടൂറിസത്തിലെ നിക്ഷേപത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.  ഗുണകരമായ ജനകീയ ഇടപെടല്‍ വിനോദസഞ്ചാര രംഗത്ത് ഉണ്ടാകണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പരിസ്ഥിതിയെ പോറലേല്‍പ്പിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടത്. സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും മുതല്‍ക്കൂട്ടാക്കി കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനാകണം. അതിന് അതിഥിദേവോ ഭവ എന്നത് നമ്മുടെ പ്രചോദനവാക്യമാകണം. ആതിഥേയ മനസ്കരായ ജനത ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ് . കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് ഏറെ തൊഴില്‍ സാധ്യതകളാണ് വിനോദസഞ്ചാര മേഖലയില്‍ സൃഷ്ടിക്കാനാകുന്നത്. പ്രവാസികളുടെയും, സംരംഭക തല്‍പ്പരുടെയും സഹായത്തോടെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റം കൊണ്ടുവരാനാകും.

520 ടൂറിസം പദ്ധതികള്‍ക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതേവരെ അനുമതി നല്‍കിയത്. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി, മുസിരിസ് ഹെറിറ്റേജ് - തലശ്ശേരി ഹെറിറ്റേജ് പദ്ധതികളുടെ രണ്ടാം ഘട്ടം, ആലപ്പുഴ ഹെറിറ്റേജ് പദ്ധതി, ആലപ്പുഴ ഹൗസ് ബോട്ട് ട്രാക്കിംഗ് സിസ്റ്റം, ഗ്രീന്‍ കാര്‍പറ്റ് പദ്ധതി, ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതി, ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി, ഉത്തരവാദിത്ത ടൂറിസം പദ്ധതി, ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി, കോവളം, ശംഖുമുഖം, വേളി, വര്‍ക്കല എന്നിവിടങ്ങളില്‍ സമഗ്ര വികസന പദ്ധതി, ധര്‍മ്മടം- മുഴുപ്പിലങ്ങാട് ബീച്ചുകളുടെ സമഗ്ര വികസന പദ്ധതി എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ തലശ്ശേരി പൈതൃക പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുകയും, അഡീഷണല്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുമുണ്ട്.

വിനോദസഞ്ചാരികളുടെ ആകര്‍ഷിക്കുന്നതിനായി പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തുന്നതിനു പുറമെ, 2019 ൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബി‌എൽ) ആദ്യ പതിപ്പ് വിജയകരമായി നടത്തിക്കൊണ്ട് നമ്മുടെ വള്ളംകളിയെ കൂടുതല്‍ ആകര്‍ഷകമായി അവതരിപ്പിക്കുവാന്‍ നമുക്ക് സാധിച്ചു.

ഈ വളരെ പോസിറ്റീവ് ആയ സാഹചര്യത്തിൽ ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയും അവസരവുമുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ നമ്മുടെതായ ഒരു വലിയ ഇടം സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ ഊർജ്ജസ്വലമായ പിന്തുണ കേരള ടൂറിസത്തിന് എല്ലായ്പ്പോഴും ഉണ്ടായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തീർച്ചയായും ടൂറിസം മേഖലയിലെ നിക്ഷേപത്തെ തീര്‍ച്ചയായും സഹായിക്കും.ആവശ്യമെങ്കിൽ, കേരളത്തിലെ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അക്കാര്യങ്ങളെക്കുറിച്ചു  നേരിട്ട് ചര്‍ച്ച ചെയ്യണമെങ്കില്‍ തീര്‍ച്ചയായും എന്നെ സമീപിക്കാവുന്നതാണ് എന്ന കാര്യം കൂടി സമ്മേളനത്തിൽ ഉറപ്പ് നൽകി.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി

No comments:

Post a Comment