ശബരിമല മകരവിളക്ക് മഹോത്സവത്തിന് സുരക്ഷാക്രമീകരണങ്ങളും, തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളും മുന്‍കൂട്ടി ഒരുക്കുവാനായി ഇന്നത്തെ അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഭൂതപൂര്‍വമായ തിരക്കാണ് ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് അനുഭവപ്പെടുന്നത്. തിരക്കിനിടയിലും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും, സുഗമമായ ദര്‍ശനമൊരുക്കാനും വിവിധ വകുപ്പുകളിലെ ജീവനക്കാരും പോലീസും പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അവരെ യോഗത്തില്‍ അഭിനന്ദിച്ചു.
മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ എണ്ണം പമ്പയിലും നിലയ്ക്കലിലും വര്‍ധിപ്പിക്കും. മകരവിളക്ക് ദിവസം കെ എസ് ആര്‍ ടി സി 900 ബസുകള്‍ പമ്പയില്‍ നിന്നും സര്‍വീസ് നടത്തും.
ഗതാഗത കുരുക്കുണ്ടാകുന്ന പ്രദേശങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും സഹകരിച്ച് പ്രവര്‍ത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണം വേണ്ടി വരുന്നിടത്ത് ബയോ ടോയ് ലറ്റുകളും സ്ഥാപിക്കും.
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാവാതെയിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും. മകരവിളക്ക് കാണുന്നതിന് വേണ്ടി തീര്‍ത്ഥാടകര്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന ഇടങ്ങളിലെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കും. പ്രത്യേകം സജ്ജീകരിച്ച 3 എമര്‍ജന്‍സി മെഡിക്കല്‍ ആംബുലന്‍സുകള്‍ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് എത്താവുന്ന രീതിയില്‍ ക്രമീകരിക്കും. നിലവില്‍ ഇത്തരം 2 ആംബുലന്‍സുകളാണ് ഉള്ളത്. എയര്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തുന്നതും പരിഗണിക്കുന്നുണ്ട്.
മണ്ഡല കാലത്ത് ഹൃദയാഘാതം വന്ന് 20 പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകള്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നല്‍കേണ്ടതുണ്ടെന്ന് ഉന്നത തല യോഗം വിലയിരുത്തി. 40 വയസില്‍ താഴെയുള്ള തീര്‍ത്ഥാടകര്‍ക്ക് കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നത് കണക്കിലെടുത്ത് മല വേഗത്തില്‍ കയറരുതെന്ന് മുന്നറിയിപ്പ് നല്‍കും. ഒരു ലക്ഷത്തിലധികം പേരാണ് സന്നിധാനത്തും പമ്പയിലുമായി മെഡിക്കല്‍ സഹായം തേടിയത്. ഇതില്‍ 543 പേര്‍ മരണകാരണമായേക്കാവുന്ന അവസ്ഥയിലായിരുന്നു. സന്നിധാനത്തെ ഗവ. ആശുപത്രിയുടെ പുറത്തായി 50 ഓളം പേര്‍ക്ക് കൂടി ചികിത്സ നല്‍കാവുന്ന തരത്തില്‍ താല്‍ക്കാലിക സജ്ജീകരണം ഏര്‍പ്പെടുത്തും. 26 ആംബുലന്‍സുകള്‍ മകരവിളക്ക് സമയത്ത് ആരോഗ്യവകുപ്പ് വിവിധ ഇടങ്ങളിലായി സജ്ജമാക്കും.
കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി
No comments:
Post a Comment