Saturday, January 4, 2020

ഇതെല്ലാംതന്നെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനുള്ള സുപ്രധാന പടവുകളാണ്.

​​

രാജ്യത്ത് ഹിന്ദുത്വ ഏകാധിപത്യ ഭരണക്രമം അടിച്ചേൽപ്പിക്കുന്നതിന്റെയും സാമ്പത്തികനില അതിദ്രുതം തകർന്നുകൊണ്ടിരിക്കുന്നതിന്റെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനയ്‌ക്കുതന്നെയും എതിരായ
അതിക്രമങ്ങൾ പെരുകുന്നതിന്റെയും അനുഭവങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് 2019 കടന്നുപോയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിനുമായി വർഷാവസാനം രാജ്യമെങ്ങും നൈസർഗികമായ പ്രതിഷേധങ്ങളുടെ കരുത്തുറ്റ പ്രസ്ഥാനങ്ങളാണ് ഉയർന്നുവന്നത്. 2019 മേയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത്, പുൽവാമാ ഭീകരാക്രമണത്തിന്റെയും അതിന്റെ പ്രതിക്രിയയായി ബാലാകോട്ട് നടത്തിയ തിരിച്ചടിയെക്കുറിച്ചുമുള്ള "ദേശീയതാ’ പ്രചാരണത്തിന്റെ പെരുമ്പറ കൊട്ടിപ്പാടിയായിരുന്നു.

വർധിത ഭൂരിപക്ഷത്തോടെ മോഡി തിരിച്ചുവന്നതോടെ ഹിന്ദുത്വ അജൻഡയുടെ കടുത്ത നടപടികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി. പിന്നീടുള്ള ഏഴുമാസം ദർശിച്ചത്; 370–--ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്‌മീർ  സംസ്ഥാനത്തെ ഇല്ലാതാക്കിയതും ബാബ്‌റി മസ്ജിദ് നിന്നേടത്തുതന്നെ രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായി സുപ്രീംകോടതി വിധിക്കുന്നതും  പൗരത്വ ഭേദഗതി നിയമം പാർലമെന്റ് അംഗീകരിക്കുന്നതുമാണ്. ഇതെല്ലാംതന്നെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനുള്ള സുപ്രധാന പടവുകളാണ്.

ജമ്മു കശ്മീരിൽ നൂറുകണക്കിന് രാഷ്ട്രീയനേതാക്കളും പ്രവർത്തകരും ഇപ്പോഴും തടവിലാണ്. ലോകത്തിതുവരെ ഉണ്ടായിട്ടില്ലാത്തത്ര ദൈർഘ്യമേറിയ കാലത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടിരിക്കുകയാണ്. ഈ കിരാത നടപടികൾക്ക് പിന്നിലുള്ളത് രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഇല്ലായ്‌മ ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ്.

അയോധ്യാ പ്രശ്നത്തിലെ സുപ്രീംകോടതിയുടെ വിധി ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങൾക്കുമേലുള്ള കനത്ത പ്രഹരമാണ്. മതനിരപേക്ഷതയെപ്പറ്റി അധര വ്യായാമം നടത്തുന്നുണ്ടെങ്കിലും സ്വത്തവകാശത്തർക്കത്തിൽ വസ്‌തുതകളെയും തെളിവിനെയും ആശ്രയിക്കുന്നതിനുപകരം തർക്കത്തിലെ ഒരു കക്ഷിയുടെ വിശ്വാസത്തിന് പ്രാമുഖ്യം കൊടുക്കുകയാണ് ചെയ്‌തത്. 

മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി വഴി പൗരത്വത്തിനുള്ള മാനദണ്ഡം മതത്തെ ആസ്പദമാക്കി മാറ്റി നിർവചിക്കുകയാണ്. ഒരേ തരത്തിൽപ്പെട്ട അനധികൃത കുടിയേറ്റക്കാരിൽനിന്ന് അവർ മുസ്ലിങ്ങളെ ഒറ്റതിരിച്ച് വേറെയാക്കിക്കാട്ടാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. ഇപ്രകാരം 2019 ദർശിച്ചത് ഹിന്ദുത്വ ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായുള്ള  സുപ്രധാനമായ നടപടികളാണ്.

2019 മറ്റൊരുതരത്തിലും ശ്രദ്ധേയമാണ്. രാജ്യത്തെ സാമ്പത്തികസ്ഥിതി അതിദ്രുതം തകർന്നുകൊണ്ടിരുന്നപ്പോഴാണ് വിഘടനവാദപരമായ ഹിന്ദുത്വനയങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ ഏഴു പാദമായി തുടർച്ചയായി താഴോട്ടു പതിച്ചുകൊണ്ടിരിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഉപഭോക്തൃ ചെലവിടൽ വിവരങ്ങളനുസരിച്ച്, 2017-18 ൽ കഴിഞ്ഞ നാൽപ്പത്‌ വർഷത്തിലാദ്യമായി ഉപഭോക്തൃ ചെലവാക്കൽ താഴോട്ട്‌ പതിച്ചിരിക്കുന്നു. 45 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ്‌  രാജ്യത്തെന്ന് കഴിഞ്ഞവർഷം പുറത്തുവന്ന കണക്കുകൾ പറയുന്നു. ഉൽപ്പാദനവും വ്യവസായവളർച്ചയും കയറ്റുമതിയുമെല്ലാം താഴോട്ടാണ്‌. ചോദനച്ചുരുക്കത്തോടൊപ്പം, ഇപ്പോൾ  ഉയരുന്ന മറ്റൊരു ഭീഷണി നാണയപ്പെരുപ്പത്തിന്റെതാണ്. ഉപഭോക്തൃ വിലസൂചിക നവംബറിൽ 5.5 ശതമാനമാണ് ഉയർന്നത്. ഡിസംബറിൽ അത് ആറ് ശതമാനം കടക്കുമെന്നുറപ്പാണ്.

2019 വർഷം അവസാനിച്ചിരിക്കുന്നത് ഒരു നിർണായക മുഹൂർത്തത്തിലാണ്. കേന്ദ്രസർക്കാരിനെതിരായ ജനരോഷം തെരുവിലുയർന്നുകൊണ്ടിരിക്കുകയാണ്. വിദ്യാർഥികളും യുവജനങ്ങളും സ്ത്രീകളും ഈ പ്രതിഷേധങ്ങളിൽ പങ്കുചേരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജനകീയ ചെറുത്തുനിൽപ്പ്‌ ഇന്ത്യയിലെ തെരുവുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

No comments:

Post a Comment